മസ്കത്ത് :സൈനിക മേഖലയിലും സമുദ്രസുരക്ഷയിലും ഇന്ത്യയും ഒമാനുമായുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ സാബിയും ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവറും ഒപ്പുവച്ചു. പ്രതിരോധ മേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. നാവിക മേഖലയിലെ സഹകരണം ശക്തമാക്കാനുള്ള ധാരണാപത്രത്തില്‍ റോയല്‍ നേവി ഓഫ് ഒമാന്‍ റിയര്‍ അഡ്മിറല്‍ സയിഫ് നാസര്‍ അല്‍ റഹ്ബിയാണ് ഒപ്പുവച്ചത്. കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനടക്കമുള്ള തന്ത്രപ്രധാന സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ 2016 മേയില്‍ ഒമാനും ഇന്ത്യയും ഒപ്പുവച്ചിരുന്നു.