മസ്‌കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പ്രാബല്യത്തില്‍. വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. ഒമാന്‍ പൗരന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
അതേസമയം, ഇന്നലെ വൈകുന്നേരം ആറിന് മുമ്പ് ഒമാനിലെത്തിയത് മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ്. ശനിയാഴ്ച വൈകിട്ട് ആറിന് മുമ്പ് ഒമാനിലെത്തുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സലാം എയര്‍ വിമാനങ്ങള്‍ സര്‍വീസ് സമയങ്ങള്‍ പുനഃക്രമീകരിച്ചിരുന്നു.
ചില ട്രാവല്‍ ഏജന്‍സികള്‍ സലാം എയറുമായി സഹകരിച്ച് ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഒരുക്കിയത് കൂടുതല്‍ പേര്‍ക്ക് ഒമാനിലെത്താന്‍ സൗകര്യമൊരുക്കി. കേരളത്തില്‍ നിന്നാണ് ചാര്‍ട്ടേഡ് വിമാനം എത്തിയത്.
ഇന്നലെ ഉച്ചക്ക് മുമ്പ് നിരവധി വിമാനങ്ങളാണ് കേരളത്തില്‍ നിന്ന് ഒമാനിലേക്ക് പറന്നത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകിട്ടോടെ നിരവധി വിമാനങ്ങളെത്തി. ഒരുമിച്ച് വിവിധ വിമാനങ്ങളെത്തിയത് ആള്‍ക്കൂട്ടം സൃഷ്ടിച്ചു. വിമാനത്താവളത്തിലെ പിസിആര്‍ പരിശോധന കഴിഞ്ഞ് ഏറെ സമയത്തിന് ശേഷമാണു യാത്രക്കാര്‍ പുറത്തിറങ്ങിയത്