കൊച്ചി: തനിക്കെതിരെ പീഡനക്കേസ് വന്നതിന് പിന്നാലെ അതിവേഗം വാർത്താസമ്മേളനം നടത്തി ആരോപണം പൂർണമായി നിഷേധിച്ച് നടൻ നിവിൻ പോളി. പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും നിവിൻ പോളി പറഞ്ഞു.
”ആരോപണം പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം. പരാതിയിൽ പറയുന്ന കാര്യം ചെയ്തിട്ടില്ല എന്നു നൂറ് ശതമാനം ഉറപ്പുള്ളതിനാലാണു മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുന്നത്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനാൽ നിയമ പോരാട്ടം നടത്തും. അതിനായി ഏതറ്റംവരെയും പോകും. നിരപരാധിയാണെന്നു തെളിയിക്കാൻ പരാമവധി ശ്രമിക്കും. നാളെ മറ്റുള്ളവർക്ക് എതിരെയും ആരോപണം വരും. അവർക്കുംകൂടി വേണ്ടിയാണ് ഇപ്പോൾ സംസാരിക്കുന്നത്. സത്യാവസ്ഥ തെളിയിക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് സഹകരിക്കാൻ തയാറാണ്” നിവിൻ പോളി പറഞ്ഞു.
”എനിക്കു വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമേയുള്ളൂ. സത്യം തെളിയുമ്പോഴും മാധ്യമങ്ങൾ കൂടെ നിൽക്കണം. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സിഐ വിളിച്ച് പരാതിയെക്കുറിച്ചു പറയുന്നത്. പെൺകുട്ടിയെ അറിയില്ല എന്നു ഞാൻ പറഞ്ഞു. കള്ളക്കേസാണെന്നു വ്യക്തമായതായി പറഞ്ഞ് കേസ് പൊലീസ് ക്ലോസ് ആക്കി. പരാതി കൊടുക്കട്ടെ എന്നു ഞാൻ പൊലീസിനോട് ചോദിച്ചിരുന്നു. ഇത്തരം കേസുകൾ വരാറുണ്ടെന്നും അതിനെ ആ വഴിക്ക് വിടാനും പൊലീസ് പറഞ്ഞു. വക്കീലും സമാനമായ ഉപദേശമാണ് നൽകിയത്. നിയമപരമായി എല്ലാ കാര്യങ്ങളിലും സഹകരിക്കും. ഇത് മനഃപൂർവമായ ആരോപണം. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുടുംബത്തെയാണ് ഇത്തരം ആരോപണങ്ങൾ കൂടുതൽ ബാധിക്കുക. കുടുംബം എന്നോടൊപ്പമാണ്. എന്റെ കുടുംബത്തിന് എന്നെ അറിയാം. വാർത്ത വന്നപ്പോൾ അമ്മയെ ആണ് വിളിച്ചത്. നീ ധൈര്യമായിരിക്കാനാണ് അമ്മ പറഞ്ഞത്” നിവിൻ പോളി പറഞ്ഞു.
തനിക്ക് എതിരായ ലൈംഗിക പീഡനാരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് നിവിൻ പോളി നേരത്തെ ഫേസ്ബക്കിൽ കുറിച്ചിരുന്നു.
‘ഒരു പെൺകുട്ടിയെ ഞാൻ ലൈംഗിക ചൂഷണം ചെയ്തതായി ആരോപിച്ചുള്ള വ്യാജ വാർത്താ റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടു. ഇത് തീർത്തും അസത്യമായ ആരോപണമാണ്. ആ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാനും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരാനും ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ്. നിങ്ങളുടെ ആശങ്ക അറിയിച്ചതിന് നന്ദി. മറ്റു കാര്യങ്ങൾ നിയമപരമായി കൈകാര്യം ചെയ്യും’, തന്റെ ഫേസ്ബുക്ക് പേജിൽ നിവിൻ പോളി കുറിച്ചു.