കാൻപുർ: ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിടെ വിരാട് കോലിയെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം പാഴാക്കി ബംഗ്ലദേശ് ബോളർ ഖാലിദ് അഹമ്മദ്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം 18-ാം ഓവറിലാണ് വിരാട് കോലിയെ റൺഔട്ടാക്കാനുള്ള അവസരം ബംഗ്ലദേശ് ബോളർ നഷ്ടപ്പെടുത്തിയത്. പന്തു നേരിട്ട വിരാട് കോലി ഓടിയെങ്കിലും, നോൺ സ്‌ട്രൈക്കർ ഋഷഭ് പന്തുമായുള്ള ആശയക്കുഴപ്പത്തെത്തുടർന്ന് പിച്ചിന്റെ മധ്യത്തിൽനിന്ന് പിൻവാങ്ങി. ഈ സമയം വിക്കറ്റിന് അടുത്തേക്കു കുതിച്ച ബോളർ ഖാലിദ് അഹമ്മദ് പന്ത് കൈയിലെടുത്തിരുന്നു.
കോലി ക്രീസിലെത്തും മുൻപേ ഖാലിദ് റൺഔട്ടിനായി പന്തെറിഞ്ഞെങ്കിലും, വിക്കറ്റിനു തൊട്ടടുത്തുകൂടെ ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഇതു കണ്ട് ഡ്രസിങ് റൂമിൽ ഇരിക്കുകയായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ തലയിൽ കൈവച്ചുപോയി. അനായാസം കോലിയെ പുറത്താക്കാമായിരുന്നിട്ടും, അവസരം പാഴായതിൽ ബംഗ്ലദേശ് ബോളർ സഹതാരങ്ങളിൽനിന്നും പഴികേട്ടു. റൺഔട്ടിൽനിന്നു രക്ഷപെട്ട കോലിയെ കെട്ടിപ്പിടിച്ചാണ് ഋഷഭ് പന്ത് ഖേദം പ്രകടിപ്പിച്ചത്.
ആദ്യ ഇന്നിങ്‌സിൽ 35 പന്തുകൾ നേരിട്ട കോലി 47 റൺസെടുത്താണു പുറത്തായത്. ഷാക്കിബ് അൽ ഹസന്റെ പന്തിൽ താരം ബോൾഡാകുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 52 റൺസ് ലീഡാണു സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.
യശസ്വി ജയ്‌സ്വാളും (51 പന്തിൽ 72), കെ.എൽ. രാഹുലും (43 പന്തിൽ 68) ആദ്യ ഇന്നിങ്‌സിൽ അർധ സെഞ്ചറി തികച്ചു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 233 ന് ഓൾഔട്ടായിരുന്നു. മഴ കാരണം കാൻപുരിൽ രണ്ടും മൂന്നും ദിവസങ്ങളിൽ കളി നടന്നിരുന്നില്ല.