
മുംബൈ: ഓസ്‌ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞു. ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഋതുരാജ് ഗെയ്ക്വാദ് ഉപനായകനാവും. അവസാന രണ്ട് മത്സരങ്ങളില്‍ ടീമില്‍ തിരിച്ചെത്തുന്ന ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനാകും.
പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. വി.വി.എസ്. ലക്ഷ്മണാണ് ടീമിന്റെ പരിശീലകന്‍. ആദ്യ മത്സരം വ്യാഴാഴ്ച വിശാഖപട്ടണത്ത് നടക്കും. ഞായറാഴ്ച തിരുവനന്തപുരത്താണ് രണ്ടാം മത്സരം. ഡിസംബര്‍ 3ന് ബെംഗളൂരുവില്‍ മൂന്നാം മത്സരം നടക്കും.
നേരത്തെ ഏഷ്യാകപ്പ്, ലോകകപ്പ് ടീമുകളിലും സഞ്ജുവിന് ഇടം നല്‍കിയിരുന്നില്ല. ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ്, സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി നിയോഗിച്ചത്. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ സഞ്ജു ടീമില്‍ തിരിച്ചെത്തുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം സമാപിച്ച ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നവരില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലുള്ളത്. ലോകകപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്കു പരിഗണിച്ചിട്ടില്ല. അതേസമയം, ലോകകപ്പ് ടീമിലുണ്ടായിരുന്നിട്ടും പരുക്കേറ്റു പുറത്തായ അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. അക്ഷര്‍ പട്ടേലിനു പകരമാണ് ലോകകപ്പ് ടീമില്‍ ആര്‍.അശ്വിനെ ഉള്‍പ്പെടുത്തിയത്.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ കളിച്ച ടീമിനെ ഏറെക്കുറേ അതേപടി നിലനിര്‍ത്തിയപ്പോഴാണ്, സഞ്ജുവിനെ തഴഞ്ഞത്. ആ പരമ്പരയില്‍ ടീമിനെ നയിച്ച ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യരെ അഞ്ചു മത്സരങ്ങളിലും കളിപ്പിച്ച് ക്യാപ്റ്റനായി നിയോഗിക്കാനായിരുന്നു സിലക്ടര്‍മാര്‍ ആദ്യം തീരുമാനിച്ചതെങ്കിലും, താരത്തിന്റെ ജോലിഭാരം പരിഗണിച്ച് ആദ്യ മൂന്നു മത്സരങ്ങളില്‍നിന്ന് വിശ്രമം അനുവദിക്കുകയായിരുന്നു. റായ്പുരും ബെംഗളൂരുവിലും നടക്കുന്ന അവസാന രണ്ട് മത്സരങ്ങള്‍ക്കായി തിരിച്ചെത്തുന്ന അയ്യര്‍, വൈസ് ക്യാപ്റ്റനാകും.