ചാവക്കാട് :കുവൈത്തിലെ മാംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി തോപ്പില്‍ വീട്ടില്‍ ബിനോയ് തോമസിന്റെ (44) കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താല്‍ക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നല്‍കാമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കിയത്.
സ്വന്തമായി വീടെന്ന ആഗ്രഹം പൂര്‍ത്തിയാക്കാനാണ് ഒരാഴ്ച മുന്‍പ് ബിനോയ് കുവൈത്തിലേക്കു പോയത്. ഏറെക്കാലമായി വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും അടുത്തിടെയാണ് താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് അങ്ങോട്ടേക്കു മാറിയത്.
വിമാനത്താവളത്തില്‍നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുന്‍പേ തെക്കന്‍ പാലയൂര്‍ കൊച്ചിപ്പാടത്തെ ബിനോയിയുടെ വീട്ടിലും മന്ത്രി എത്തിയിരുന്നു.