കടമ്പനാട് : മട്ടുപ്പാവില്‍ ഗ്രോബാഗുകള്‍ക്ക് പകരം ഉപയോഗശൂന്യമായ ടയറുകള്‍ ഉപയോഗിച്ച് പരീക്ഷണകൃഷിയിലാണ് സി.കെ. മണി. 300 ടയര്‍ ചട്ടികളില്‍ ശീതകാല പച്ചക്കറികള്‍ പാകമായി വരുന്നു. ഗ്രോബാഗുകളെക്കാള് വിസ്തൃതിയുള്ള ടയര്ചട്ടികളില് ഹ്രസ്വകാലവിളകളുടെ ഒന്നില്‍കൂടുതല്‍ തൈകള്‍ നട്ട് പാകപ്പെടുത്താം. രണ്ടോ അതിലധികമോ കൃഷിചെയ്തശേഷം ഉപേക്ഷിക്കുന്ന ഗ്രോബാഗുകള്‍ മണ്ണിന് ഭാരമായി മാറുമ്പോള്‍ ടയര്ചട്ടികളില് വരുംതലമുറകള്‍ക്കും കൃഷി നടത്താമെന്നാണ് മണിയുടെ അഭിപ്രായം. വാഹനങ്ങളുടെ ഉപേക്ഷിക്കുന്ന ടയറുകള്‍ ശേഖരിച്ച് സ്വന്തമായി രൂപപ്പെടുത്തി ഉപയോഗിക്കുന്നതിനാല്‍ പുറത്തുനിന്ന് വാങ്ങുന്ന വിലയാകില്ല. ക്വാളിഫ്ലവര്‍, കാബേജ്, തക്കാളി, പച്ചമുളക് എന്നിവയൊക്കെയാണ് മട്ടുപ്പാവില്‍ ടയര്കൊണ്ടുള്ള പൂ ചട്ടികളില്‍ ഇപ്പോള്കൃഷിയിറക്കിയിരിക്കുന്നത്. …