പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

18 second read

പുതുപ്പള്ളി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. സ്‌ട്രോങ് റൂമുകളുടെ താക്കോലുകള്‍ മാറിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ കുറച്ചുസമയം വൈകിയിരുന്നു. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെടുപ്പ്. ആദ്യ ഫലസൂചന ഒന്‍പതോടെ ലഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്.

ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയായി എന്ന അപൂര്‍വതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.

ജെയ്ക് സി.തോമസാണു ഇടതു മുന്നണി സ്ഥാനാര്‍ഥി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാര്‍ഥി), ഷാജി (സ്വതന്ത്ര സ്ഥാനാര്‍ഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കല്‍ – സ്വതന്ത്ര സ്ഥാനാര്‍ഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. 1970 മുതല്‍ 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എ ആയിരുന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …