ചോറിങ്ങും കൂറങ്ങും: രാഹുഗാന്ധിക്ക് സഞ്ചരിക്കാന്‍ സ്വന്തം ആഡംബര കാര്‍ വിട്ടു കൊടുത്ത കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റിന് എതിരേ വിമര്‍ശനവുമായി പാര്‍ട്ടിക്കാര്‍

18 second read

പത്തനംതിട്ട: തന്റെ ആഡംബരക്കാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രചാരണത്തിന് വിട്ടു നല്‍കിയ കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എന്‍എം രാജു പിടിച്ചത് മുട്ടന്‍ പുലിവാല്‍. നേതാവ് ഇപ്പോഴും യുഡിഎഫില്‍ തന്നെയാണെന്നും റാന്നിയില്‍ സീറ്റ് കിട്ടാതെ പോയതിന്റെ ചൊരുക്ക് തീര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും ആരോപിച്ച് എതിര്‍പക്ഷം രംഗത്ത് വന്നു.

കോന്നി പ്രമാടത്ത് നിന്ന് കോട്ടയം ജില്ലയിലെ എരുമേലി വരെ രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത് എന്‍എം രാജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 27 ജെ 9900 കിയ കാര്‍ണിവല്‍ കാറിലായിരുന്നു. തിരുവല്ലയില്‍ കിയ കാറിന്റെ ഷോറും എന്‍എം രാജുവിന്റേതാണ്. പാലക്കാട് പര്യടനം നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി കിയ കാര്‍ണിവല്‍ കാറിലാണ് സഞ്ചരിച്ചിരുന്നതെന്നും പത്തനംതിട്ടയിലേക്കും അതേ വാഹനം വേണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് എന്‍എം രാജു പറയുന്നു. ഇതേ തുടര്‍ന്ന് ഷോറും ഉടമ എന്ന നിലയിലാണ് യുഡിഎഫ് നേതാക്കള്‍ തന്നെ ബന്ധപ്പെട്ടത്. രാഹുലിന് സഞ്ചരിക്കാന്‍ വേണ്ടിയാണെന്ന് അറിഞ്ഞ് വിട്ടു നല്‍കുകയായിരുന്നു. മറ്റ് ഏതെങ്കിലും കാറിലാണെങ്കില്‍ ടോപ്പ് വിന്‍ഡോയിലൂടെ രണ്ടു പേര്‍ക്ക് മാത്രമേഎണീറ്റ് നില്‍ക്കാന്‍ കഴിയൂ. കിയ കാര്‍ണിവലില്‍ നാലു പേര്‍ക്ക് വരെ ഇപ്രകാരം നില്‍ക്കാമെന്നും രാജു ചൂണ്ടിക്കാട്ടി.

എന്നാല്‍ എന്‍എം രാജുവിന്റെ വിശദീകരണമൊന്നും പ്രവര്‍ത്തകരും എതിര്‍പക്ഷവും മുഖവിലയ്ക്ക് എടുക്കുന്നില്ല. റാന്നിയില്‍ സീറ്റ് നോക്കി വച്ചിരുന്നയാളാണ് എന്‍എം രാജു. ഇതിനായുള്ള പ്രവര്‍ത്തനവും നടത്തിയിരുന്നു. എന്നാല്‍, അവസാന നിമിഷം പ്രമോദ് നാരായണനാണ് സീറ്റ് ലഭിച്ചത്. സിപിഎമ്മുകാര്‍ക്കും കേരളാ കോണ്‍ഗ്രസിനും ഇയാളെ കുറിച്ച് കേട്ടു കേഴ്‌വി പോലുമില്ലായിരുന്നു. തനിക്ക് സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം എന്‍എം രാജു മറച്ചു വച്ചതുമില്ല. ഒടുക്കം ജോസ് കെ മാണി അനുനയിപ്പിച്ചാണ് പ്രചാരണത്തിന് ഇറക്കിയത്. എന്നാല്‍, ഇടതു പ്രചാരണത്തിന് റാന്നിയില്‍ തീവ്രത പോരാ. രാജുഏബ്രഹാമിനെ അനുകൂലിക്കുന്ന സിപിഎമ്മുമാരും പ്രചാരണത്തില്‍ മന്ദഗതിയിലാണ്. അതിനിടെയാണ് കാര്‍ വിവാദം ഉണ്ടായിരിക്കുന്നത്.

യുഡിഎഫ് നേതാക്കളുമായി എന്‍എം രാജു അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് ആക്ഷേപം നിലനില്‍ക്കുന്നു. റാന്നിയിലെ വോട്ടിങ്ങില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യും. എന്‍എം രാജുവിന്റെ നിലപാടില്‍ സിപിഎമ്മിനും അതൃപ്തിയുണ്ട്. ആന്റോ ആന്റണി, ജോയി തോമസ് തുടങ്ങിയ നേതാക്കളുമായി രാജുവിനുളള അടുത്ത ബന്ധം ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. വിവരം ജോസ് കെ മാണിയെയും പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. റാന്നിയില്‍ പ്രമോദ് നാരായണന് വോട്ട് വിഹിതത്തില്‍ കുറവ് വന്നാല്‍ കേരളാ കോണ്‍ഗ്രസി(എം)ല്‍ വെട്ടിനിരത്തല്‍ ഉറപ്പാകും.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…