മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

3 second read

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്റോയില്‍ നടന്ന മത്സരത്തില്‍ ക്രിമിനോളജിയിലും നിയമത്തിലും പഠനം നടത്തുന്ന ലെനോര്‍ സൈനബ് (19) ആണ് വിജയിച്ചത്. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡ എന്ന സംഘടനയാണ് എല്ലാ വര്‍ഷവും ഈ മത്സരം സംഘടിപ്പിക്കുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35-ലധികം മത്സരാര്‍ഥികളെ പിന്തള്ളിയാണ് ലെനോര്‍ സൈനബ് ഈ നേട്ടം കൈവരിച്ചത്.

‘ഈ ആദ്യ സൗന്ദര്യമത്സരത്തില്‍ വിജയിക്കുന്നതിനുള്ള എന്റെ യാത്രയെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. രസകരമായ ഒരു വസ്തുത, 1998 ലെ മിസ് വേള്‍ഡ് വിജയി ലിനര്‍ അബര്‍ഗിലിന്റെ പേരില്‍ നിന്നാണ് എന്റെ അമ്മ ഫാത്തിമ റഹ്‌മാന്‍ എനിക്ക് ഈ പേരിട്ടത്. മത്സരങ്ങളോടുള്ള എന്റെ അഭിനിവേശത്തില്‍ അത് വലിയ പങ്കുവഹിച്ചെന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാനും മത്സരങ്ങള്‍ പരീക്ഷിക്കാനും ധൈര്യം നേടിയതിന്റെ ഒന്നാമത്തെ കാരണവും അമ്മയാണ്. എന്റെ യാത്രയിലുടനീളം അമ്മ പൂര്‍ണ്ണ പിന്തുണ നല്‍കി’- ലെനോര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചത്. മത്സരം സംഘടിപ്പിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ 1996-ലെ മിസ് വേള്‍ഡ് കാനഡയായിരുന്നു. വൈകാതെ അവര്‍ എന്നെ അഭിമുഖത്തിനായി വിളിച്ചു. അവര്‍ വളരെ സ്‌നേഹത്തോടെ പെരുമാറി, എന്നില്‍ അവരുടെ പഴയ ഓര്‍മ്മകള്‍ കാണുന്നു എന്ന് പറഞ്ഞു. വലിയ സ്വപ്നങ്ങളുള്ള ഒരു പെണ്‍കുട്ടിയാണെന്ന് അവര്‍ എന്നെ വിശേഷിപ്പിച്ചു. അത് വലിയ ആത്മവിശ്വാസം പകര്‍ന്നു.

ഇത്രയും പെട്ടെന്ന് മത്സരത്തില്‍ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ മത്സരത്തിനായി തയ്യാറെടുക്കാന്‍ തുടങ്ങി. റിഹേഴ്‌സലുകള്‍, വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കല്‍, മറ്റ് മത്സരാര്‍ത്ഥികളുമായുള്ള സൗഹൃദം – എല്ലാം പുതിയ അനുഭവമായിരുന്നു. ഫൈനല്‍ ഷോ വന്നു, ഞാന്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ മിസ് ഒട്ടാവ പട്ടം എന്നെ തേടിയെത്തി. ആദ്യം പ്രഖ്യാപിച്ച വിജയി ഞാനായിരുന്നു, അത് അവിശ്വസനീയമായിരുന്നു. വലിയ സന്തോഷത്തോടെയും ആവേശത്തോടെയും ഞാന്‍ സൗന്ദര്യകിരീടം സ്വീകരിച്ചു’- ലെനോര്‍ കൂട്ടിച്ചേര്‍ത്തു.

മൈസൂരില്‍ ജനിച്ച ലെനോര്‍ സൈനബ് ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കാനഡ എന്നിങ്ങനെ നാല് വ്യത്യസ്ത രാജ്യങ്ങളിലായിട്ടാണ് വളര്‍ന്നത്. ഇപ്പോള്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ലെനോര്‍ കാല്‍ഗറി ഫുട് ഹില്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്‌മാന്റെയും മൂത്ത മകളാണ്. മുഹമ്മദ് ഇമ്രാന്‍, ഡന്നിയാല്‍ എന്നിവര്‍ ആണ് സഹോദരന്മാര്‍. ഡോ. മുഹമ്മദ് ലിബാബ് നാട്ടില്‍ ആലുവ സ്വദേശിയാണ്. കറുപ്പംവീട്ടില്‍ കുടുംബാംഗം. എ.കെ.എം.ജിയിലും സജീവമാണ്.വരും വര്‍ഷങ്ങളില്‍ സമാനമായ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ തയ്യാറെടുക്കുകയാണ് ലിനോര്‍.

 

Load More Related Articles

Check Also

We Just Launched the WordPress Development Course for the Modern Era

We’re thrilled to announce Modern WordPress Fast Track – a WordPress development cou…