അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യുവാവിന്റെ പാമ്പാട്ടം. ഇരു പാമ്പുകളെയും പിടികൂടിയ പോലീസ് വനംവകുപ്പിന് കൈമാറി. പാമ്പിനെ ഉപദ്രവിച്ചതിന് യുവാവിനെതിരേ കേസുമെടുത്തു.
പറക്കോട് സ്വദേശി ദീപുവിനെ (44)യാണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പറക്കോട് ബാറിന് സമീപമായിരുന്നു ദീപുവിന്റെ നാഗനൃത്തം. തൊട്ടടുത്ത തോട്ടില്‍ കണ്ട പാമ്പിനെ പിടിച്ചു കൊണ്ടു വന്നാണ് ബാറിന് സമീപം തോളിലിട്ട് പ്രദര്‍ശിപ്പിച്ചത്. സംഭവം അറിഞ്ഞ് വന്ന പോലിസ് ദീപുവിനെയും പാമ്പിനെയും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കോന്നി കുമ്മണ്ണൂര്‍ റേഞ്ച് ഓഫീസില്‍ നിന്ന് ഡെപ്യൂട്ടി റേഞ്ചര്‍ ബി. സുന്ദരന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം സ്റ്റേഷനില്‍ ചെന്ന് ദീപുവിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പറക്കോട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കും.