ജനീഷ്‌കുമാറിന് വോട്ടു മറിക്കാന്‍ സിപിഎം-എസ്എന്‍ഡിപി രഹസ്യ ചര്‍ച്ച: കെ. സുരേന്ദ്രന്‍ ഇടപെട്ടതോടെ തുഷാര്‍ വെട്ടിലായി: യൂണിയന്‍ ഭാരവാഹികള്‍ക്ക് നേരെ വടിയെടുത്ത് യോഗം വൈസ് പ്രസിഡന്റ്

18 second read

അടൂര്‍: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രണ്ടു വഞ്ചികളിലായി കാല്‍ ചവിട്ടി നില്‍ക്കുക എന്നുള്ളത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പതിവു പരിപാടിയാണ്. എന്നാല്‍, ഇക്കുറി ഈ പണി പാളിയിരിക്കുകയാണ്. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എസ്എന്‍ഡിപി യൂണിയന്‍ നേതാക്കളോട് നിര്‍ദേശിച്ചതിന് പിന്നാലെ വിവരം ബിജെപി നേതാക്കള്‍ക്ക് ചോര്‍ന്നു കിട്ടി. അവിടെ നിന്നുള്ള പരിഭവം തുഷാറിനെ അറിയിച്ചതോടെ യൂണിയന്‍ നേതാക്കളെ യോഗം വൈസ് പ്രസിഡന്റ് ഫയര്‍ ചെയ്തു.

അടൂര്‍, പത്തനംതിട്ട യൂണിയന്‍ നേതാക്കളുമായിട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രഹസ്യ ചര്‍ച്ച നടത്തിയത്. ഇതില്‍ അടൂരില്‍ ഇന്നലെ വൈകിട്ട് നടന്ന ചര്‍ച്ചയുടെ വിവരമാണ് ചോര്‍ന്ന് ബിജെപിയിലെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ പ്രചാണാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ അടൂരില്‍ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെയാണ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റെ 109-ാം നമ്പര്‍ മുറിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയും അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ഭാരവാഹികളും മുന്‍ ഭാരവാഹികളുമായി ചര്‍ച്ച നടന്നത്. കോന്നിയില്‍ കെയു ജനീഷ്‌കുമാറിന് വേണ്ടി എസ്എന്‍ഡിപി വോട്ടുകള്‍ ധ്രുവീകരിക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ആവശ്യം. ജനറല്‍ സെക്രട്ടറി പറഞ്ഞാല്‍ ചെയ്യാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ചില നേതാക്കള്‍ അറിയിച്ചു. ഉടന്‍ തന്നെ കെപി ഉദയഭാനു വെള്ളാപ്പള്ളിയെ വിളിക്കുകയും പിന്തുണ അഭ്യര്‍ഥിക്കുകയുമായിരുന്നു. തൊട്ടു പിന്നാലെ വെള്ളാപ്പളളി യൂണിയന്‍ കണ്‍വീനര്‍ മണ്ണടി മോഹനനെ വിളിച്ച് ജനീഷിന് വേണ്ടി സാമുദായിക വോട്ടുകള്‍ മറിച്ചു നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേ പോലെ തന്നെ എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന്‍ നേതാക്കളോടും വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി അറിയുന്നു.

വിവരം ചോര്‍ന്നു കിട്ടിയ ബിജെപി സംസ്ഥാന നേതൃത്വം ഘടക കക്ഷിയായ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബന്ധപ്പെട്ടു. വെള്ളാപ്പള്ളി ഇത്തരമൊരു നയം സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്ത് അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതോടെ പകച്ചു പോയ തുഷാര്‍ യൂണിയന്‍ നേതാക്കളെ വിളിച്ച് ശാസിക്കുകയായിരുന്നു. മകന്‍ എന്‍ഡിഎയിലും പിതാവ് എല്‍ഡിഎഫിന് വേണ്ടിയും നടത്തുന്ന ഡബിള്‍ ഗെയിം ബിജെപി പൊളിച്ച് അടുക്കുമെന്നാണ് സൂചന. കോന്നിയില്‍ മത്സരിക്കുന്ന എന്‍ഡിഎ, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഈഴവ സമുദായത്തില്‍ നിന്നുള്ളവരാണ്. പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കെ പത്മകുമാര്‍ റാന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമാണ്. ഈ സാഹചര്യത്തില്‍ അവിടെയും എല്‍ഡിഎഫിനെ എസ്എന്‍ഡിപി സഹായിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കോന്നി നിയോജക മണ്ഡലം അടൂര്‍, പത്തനംതിട്ട എസ്എന്‍ഡിപി യൂണിയനുകളുടെ പരിധിയിലാണ്. അവിടെ ഏതെങ്കിലും കാരണവശാല്‍ സുരേന്ദ്രന് ഈഴവ വോട്ട് കുറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരിക ബിഡിജെഎസിനായിരിക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…