ശ്രീറാം വെങ്കിട്ടരാമന് ജാമ്യം: രക്ത പരിശോധനാഫലം വൈകിച്ചത് വന്‍തിരിച്ചടി: കേസ് പൊലീസ് അട്ടിമറിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

16 second read

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍, ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. അപകടത്തില്‍ പരിക്കേറ്റ് ശ്രീറാം ചികിത്സയില്‍ കഴിയുന്നതിനാല്‍ കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് പരിശോധനയില്‍ വ്യക്തമായതാണ്. ശ്രീറാമിനെതിരെ നടക്കുന്നത് മാധ്യമവിചാരണയാണെന്നും ജേക്കബ് തോമസിനെ മാറ്റിനിര്‍ത്തിയതുപോലെയുള്ള നടപടിയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈകൊള്ളുന്നതെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ വാദിച്ചു. ശ്രീറാമിനെതിരെ ശക്തമായ തെളിവില്ല. അപകടത്തില്‍ അദ്ദേഹത്തിന്റെ തലക്കും നട്ടെല്ലിനും ക്ഷതമേറിറ്റുണ്ട്. കൂടുതല്‍ വൈദ്യപരിശോധനയും ചികിത്സയും ആവശ്യമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രോസിക്യൂഷന്‍ ഈ വാദങ്ങളെ എതിര്‍ത്തു. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണു കണ്ടെത്തിയതെന്നു കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാ ഫലം ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്കു മുന്‍പ് കേസ് പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 2.30ന് കേസ് പരിഗണിച്ചപ്പോള്‍ കേസ് ഡയറിയും അപകടമുണ്ടാക്കിയ കാറിന്റെ ഭാഗങ്ങളും കോടതിയില്‍ എത്തിച്ചു.

ചികില്‍സയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കസ്റ്റഡി അപേക്ഷ തള്ളിയത്. 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനിടെ ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നതായി സൂചനയുണ്ട്. പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല.
എന്നാല്‍ ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിയതോടെ ഇത് അട്ടിമറി ശ്രമമെന്നു വ്യക്തമായിരുന്നു.
ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്ര മാനേജ്മെന്റ് കോടതിയെ സമീപിച്ചു. ലഹരിമരുന്ന് ഉപയോഗിച്ചോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് ആവശ്യം. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്നും പത്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അതേസമയം കേസ് പൊലീസ് അട്ടിമറിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യൂണിയന്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …