ഇനിയില്ല.. സ്വര്‍ണപ്പണയത്തിന്മേല്‍ കാര്‍ഷിക വായ്പ: ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി

17 second read

സ്വര്‍ണപ്പണയത്തിന്മേല്‍ കുറഞ്ഞനിരക്കില്‍ ലഭ്യമായിരുന്ന കാര്‍ഷിക വായ്പ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 2019 ഒക്ടോബര്‍ ഒന്നു മുതല്‍ സ്വര്‍ണപ്പണയത്തിന്മേല്‍ കൃഷിവായ്പ നല്‍കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണു കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനം അറിയിച്ചത്.

സ്വര്‍ണപ്പണയത്തിന്മേല്‍ 4% വാര്‍ഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാര്‍ഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്രം കത്തിവച്ചത്. അനര്‍ഹര്‍ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും നല്‍കിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി.

സബ്‌സിഡിയോടുള്ള കൃഷിവായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ഉള്ളവര്‍ക്കു മാത്രമാക്കണം. എല്ലാ കെസിസി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. ആധാറില്ലാത്തവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സബ്‌സിഡി നല്‍കില്ല. ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കെസിസി അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കണം. അപേക്ഷകളില്‍ 14 ദിവസത്തിനകം തീരുമാനമെടുക്കണം. കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറിയും കേന്ദ്ര ധനമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണു നിര്‍ദേശങ്ങള്‍ നല്‍കിയത്.

ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിര്‍ത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകള്‍ക്കു കിട്ടിയ നിര്‍ദേശം. ബാങ്കുകള്‍ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി. ഇനി സ്വര്‍ണപ്പണയ കൃഷിവായ്പ നല്‍കരുതെന്നും എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശാഖകള്‍ക്കുള്ള നിര്‍ദേശത്തില്‍ ബാങ്ക് മേധാവികള്‍ വ്യക്തമാക്കി.9 ശതമാനമാണു യഥാര്‍ഥ പലിശ നിരക്കെങ്കിലും ഈ വായ്പയ്ക്ക് 5% സബ്‌സിഡിയുണ്ട്. 3% കേന്ദ്രവും 2% സംസ്ഥാനവും വഹിക്കും.

എസ്ബിഐയുടെ 15,219 കോടി ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം മാത്രം കാര്‍ഷിക മേഖലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 17% അധികം വായ്പ നല്‍കിയെന്നാണു പൊതുമേഖലാ -സ്വകാര്യ ബാങ്കുകളുടെ മാത്രം കണക്ക്. 80,803 കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കിയതില്‍ 62 ശതമാനവും സ്വര്‍ണം പണയം വച്ചുള്ള കൃഷി വായ്പയാണ്. 50,169 കോടിയാണ് ഇത്തരത്തില്‍ നല്‍കിയത്. ഇതില്‍ മുക്കാല്‍ പങ്കും കിട്ടിയത് കൃഷിക്കാര്‍ക്കല്ലെന്നാണു സംസ്ഥാന സര്‍ക്കാര്‍ നിഗമനം.കൃഷിക്കാരാണെന്ന് ഉറപ്പാക്കാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രം വായ്പ നല്‍കണമെന്നതു സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ആവശ്യമാണ്. കൃഷി ഓഫിസറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലേ വായ്പ നല്‍കാവൂ എന്നാണു സംസ്ഥാനത്തിന്റെ നിലപാട്. കൃഷി വായ്പ അനര്‍ഹരിലേക്ക് എത്തുന്നുണ്ടോ എന്നു കണ്ടെത്താന്‍ കേരള സര്‍ക്കാരിന്റെ കത്തിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പ് നിയോഗിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ്, ആര്‍ബിഐ, നബാര്‍ഡ്, എസ്എല്‍ബിസി എന്നിവയുടെ പ്രതിനിധികളാണു സംഘത്തിലുണ്ടായിരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …