രാഹുല്‍ഗാന്ധി തന്റെ വീട്ടിലെത്തിയത് ഒരു വിഭാഗം സി.പി.എം നേതാക്കളെ ചൊടിപ്പിച്ചു

16 second read

ആറന്‍മുള:രാഹുല്‍ഗാന്ധി വീട്ടില്‍ കയറിയത് സി. പി. എം. അനുഭാവിക്ക് വലിയ പാരയായി. കഴിഞ്ഞ പ്രളയത്തില്‍ വള്ളവുമായി ഇറങ്ങി നൂറോളം പേരെ രക്ഷിച്ച ആളാണ് ആറന്‍മുള എഴീക്കാട് കോളനി ബ്‌ളോക്ക് 78 ബിയിലെ രഘുനാഥന്‍. രഘുനാഥന്റെ വീടിനും കഴിഞ്ഞ പ്രളയത്തില്‍ ബലക്ഷയമുണ്ടായി. പ്രളയ ജലം ഇറങ്ങിയപ്പോഴേക്കും അടിത്തറ മണ്ണിലേക്ക് ഇരുന്ന് ചരിഞ്ഞു തുടങ്ങിയ വീട് നന്നാക്കാനുള്ള ധനസഹായത്തിനായി മൂന്ന് തവണ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. വീട് ഒരു വശത്തേക്ക് താഴുകയും ഭിത്തികള്‍ പിളരുകയും ചെയ്തു. അന്ന് പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി തന്റെ വീട്ടില്‍ എത്തി എന്ന ഒറ്റക്കാരണത്താല്‍ സി. പി. എം. ഭരിക്കുന്ന പഞ്ചായത്ത് തനിക്ക് ധനസഹായം നിഷേധിക്കുന്നു എന്നാണ് രഘുനാഥന്‍ പറയുന്നത്.

പത്തനംതിട്ട ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ വിഴുങ്ങിയത് എഴീക്കാട് കോളനിയേയും സമീപ പ്രദേശങ്ങളെയുമായിരുന്നു. പുഞ്ചയില്‍ മീന്‍പിടിക്കാന്‍ വലയിട്ട് തിരികെ വരുമ്പോള്‍ വെള്ളത്തില്‍ മുങ്ങിയ നാടാണ് കണ്ടത്. രഘുനാഥന്‍ വള്ളവുമായി ഇറങ്ങി. നൂറോളം പേരെ രക്ഷിച്ചു.

ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ രഘുനാഥന്റെ ധീരതയെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28ന് സ്ഥലം സന്ദര്‍ശിച്ച രാഹുലിനോട് പറഞ്ഞത്. കോളനി റോഡിലൂടെ നടക്കുകയായിരുന്ന രാഹുല്‍ അത് കേട്ടപാടെ രഘുനാഥന്റെ വീട്ടിലേക്ക് ഓടിക്കയറി കെട്ടിപ്പിടിച്ചു. ആ ആനന്ദം ഇപ്പോഴും ഉണ്ട്. പക്ഷേ രാഹുല്‍ഗാന്ധി തന്റെ വീട്ടിലെത്തിയത് ഒരു വിഭാഗം സി.പി.എം നേതാക്കളെ ചൊടിപ്പിച്ചു. സി.പി.എം അനുഭാവിയായ താന്‍ കോണ്‍ഗ്രസായെന്നായി പ്രചാരണം.

ബലക്ഷയം ഉണ്ടായ വീട്ടില്‍ രഘുനാഥന്റെ ഭാര്യ രേണുകയും മക്കളായ ശശികലയും രാഹുലും ഭീതിയോടെയാണ് കഴിയുന്നത്. അറ്റകുറ്റപ്പണിക്ക് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി രഘുനാഥന്‍ പഞ്ചായത്തിനും ജില്ലാ കളക്ടര്‍ക്കും മൂന്ന് തവണ അപേക്ഷ നല്‍കിയിട്ടുംഒന്നും കിട്ടിയില്ല. പഞ്ചായത്തില്‍ നിന്ന് ശുപാര്‍ശ ചെന്നില്ലെന്നായിരുന്നു കളക്ടറുടെ മറുപടി. പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം തന്നെ ഒറ്റപ്പെടുത്തി പണം നല്‍കാതിരിക്കുകയാണെന്ന് രഘുനാഥന്‍ പറയുന്നു. രാഹുല്‍ഗാന്ധിയോട് തന്റെ വീട്ടില്‍ കയറരുതെന്ന് പറയാന്‍ പറ്റുമോയെന്നാണ് രഘുനാഥന്റെ ചോദ്യം.

”ആറന്‍മുള പഞ്ചായത്തിലെ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്നുണ്ട്. സഹായത്തിനുള്ള രഘുനാഥന്റെ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടില്ല.”

–ഐഷാ പുരുഷോത്തമന്‍
പഞ്ചായത്ത് പ്രസിഡന്റ്

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …