കസ്റ്റഡിയില്‍ 4 ദിവസം രാജ്കുമാറിന് നേരിടേണ്ടിവന്നത് പ്രാകൃതമായ മര്‍ദ്ദനമുറകള്‍

16 second read

തൊടുപുഴ: കസ്റ്റഡിയില്‍ നാല് ദിവസം രാജ്കുമാറിന് നേരിടേണ്ടിവന്നത് പ്രാകൃതമായ മര്‍ദ്ദനമുറകളാണെന്നും ഇതിനു നേതൃത്വം നല്‍കിയത് എ.എസ്.ഐ സി.ബി. റെജിമോനും പൊലീസ് ഡ്രൈവര്‍ നിയാസുമാണെന്നും ഇരുവരെയും റിമാന്‍ഡ് ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടാം നിലയിലെ വിശ്രമമുറിയിലായിരുന്നു മര്‍ദ്ദനം. രാജ്കുമാറിന്റെ കൈകള്‍ പിറകിലേക്ക് വച്ച് കട്ടിലില്‍ കെട്ടിയ ശേഷം രണ്ട് പൊലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. ചൂരല്‍ കൊണ്ട് കാല്‍വെള്ളയില്‍ കനത്ത പ്രഹരമേല്പിച്ചു. ഇരുകാലുകളും ബലം പ്രയോഗിച്ച് പിറകിലേക്ക് വിടര്‍ത്തി പരിക്കേല്പിച്ചു. പ്രാകൃത ശിക്ഷാരീതി നടപ്പിലാക്കി രാജ്കുമാറിന്റെ കാലുകള്‍ അനങ്ങാതാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്രൂരമായ മര്‍ദ്ദനം മരണകാരണമാകുമെന്ന് അറിയാവുന്ന പ്രതികള്‍ ജൂണ്‍ 12ന് വൈകിട്ട് അഞ്ച് മുതല്‍ 15ന് രാത്രി 12 വരെ നിയമവിരുദ്ധമായി തടങ്കലില്‍ പീഡിപ്പിച്ചു.

തെളിവെടുപ്പിനിടെ രാജ്കുമാറിനെ മര്‍ദ്ദിച്ച ചൂരലും വിശ്രമമുറിയിലെ കട്ടിലും അന്വേഷണസംഘം കണ്ടെടുത്തു. നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ ആവാത്തവിധം അവശനായപ്പോഴാണ് 15ന് രാത്രി ഒമ്പതരയ്ക്ക് അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയത്. കാല്‍തുടയിലും കാല്‍വെള്ളയിലും ആഴത്തിലുള്ള ചതവ് ന്യുമോണിയയ്ക്ക് കാരണമായെന്നും പ്രതികള്‍ മനഃപൂര്‍വം കുറ്റകൃത്യം ചെയ്തെന്ന് ബോദ്ധ്യപ്പെട്ടെന്നും പീരുമേട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് നല്‍കിയ എട്ടുപേജുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഇരുവരെയും കോടതി ദേവികുളം സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതിയായ എസ്.ഐ കെ.എ. സാബുവിനെ പീരുമേട് കോടതി ഇന്ന് വൈകിട്ട് ആറ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. സാബുവിനെ നെടുങ്കണ്ടം സ്റ്റേഷനിലടക്കമെത്തിച്ച് തെളിവെടുത്ത ശേഷം കൂടുതല്‍ ചോദ്യം ചെയ്യും.ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ ഇന്നലെ രാവിലെ കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട് സന്ദര്‍ശിച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …