പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് അവശ്യപ്പെട്ട് ഗ്‌ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍

16 second read

കണ്ണൂര്‍: കൊറ്റാളിയിലെ പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനനടപടി സ്വീകരിക്കണമെന്ന് ഗ്ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ദീര്‍ഘനാള്‍ വിദേശത്ത് ജോലി ചെയ്ത് കുടുംബത്തോടൊപ്പം ജീവിക്കാനുള്ള മോഹവുമായി നാട്ടിലെത്തി തുടങ്ങിയ ഒരു കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കം മുതല്‍ തടസവാദങ്ങളുമായി വന്ന ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും പണിതീര്‍ത്തത് പൊളിച്ചു മാറ്റാനും ഉത്തരവ് പുറപ്പെടുവിപ്പിച്ചു. എന്നാല്‍ ടൗണ്‍ പ്ലാനര്‍ക്ക് സാജന്‍ കൊടുത്ത അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ അപാകതയൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവാദം കിട്ടി. അങ്ങനെ പൂര്‍ത്തീകരിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് കംപല്‍ഷന്‍ സര്‍ട്ടിഫിക്കറ്റോ കെട്ടിട നമ്പറോ കൊടുക്കാതെ ബോധപൂര്‍വം ബുദ്ധിമുട്ടിച്ചതില്‍ മനംനൊന്താണ് സാജന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായത്.

പ്രവാസി പുനരധിവാസ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉരുവിടുമ്പോഴും സര്‍ക്കാര്‍ നയത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായോ ഒരു ശിക്ഷാനടപടികളും കൈക്കൊള്ളുന്നില്ല. ഇതിന് ഉദാഹരണമാണ് പുനലൂരിലെ പ്രവാസി സുഗതനു ശേഷം ഇപ്പോള്‍ കണ്ണൂരിലെ സാജനും ആതമഹത്യ ചെയ്യേണ്ടി വന്നത്. പ്രവാസി സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നു പറയണം. സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തിടത്തോളം ഇവിടെ പ്രവാസി ആതമഹത്യ തുടര്‍ക്കഥയാകുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. പ്രവാസികള്‍ നാട്ടില്‍ വന്ന് സംരഭങ്ങള്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ സംഘടനയായ ഗ്ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ സംരഭങ്ങളുടെ ഏതു ഘട്ടത്തിലും ഉണ്ടാകിനിടയുള്ള തടസവാദങ്ങളെ കൂട്ടായ നിലപാടുകളില്‍കൂടി പരിഹരിക്കാന്‍ കഴിയും.

ദാരുണമായ ഇത്തരം സംഭവങ്ങള്‍ മേലില്‍ കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. സാജന്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് ഗ്ളോബല്‍ അസോസിയേഷന്‍ ശനിയാഴ്ച രാവിലെ പത്തുമണിക്ക് പ്ലാസയില്‍ നിന്നും കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചു നടത്തും. തുടര്‍ന്ന് പ്രവാസി സംരഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കലക്ടര്‍ക്ക് നിവേദനം നല്‍കും. വാര്‍ത്താസമ്മേളനത്തല്‍ അസോ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ് സോമന്‍, സംസ്ഥാന ജോയന്റ് സെക്രട്ടറി മുഹമ്മദ് മുസ്ലിയാര്‍, മറ്റുഭാരവാഹികളായ അഡ്വ. ജൂലി പ്രസാദ്,ബാബു ജയേഷ്, എം. ധനരാജ് എന്നിവര്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …