ധര്‍മടം :ലഹരിക്ക് അടിമകളാവുന്നതിനെതിരെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാന്‍ കോളജ് പഠനകാലത്തെ സ്വന്തം അനുഭവം പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ധര്‍മടം നിയമസഭാ മണ്ഡലത്തിലെ വിദ്യാര്‍ഥികളെയും സ്കൂളുകളെയും അനുമോദിക്കാന്‍ ഒരുക്കിയ വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ഡ്രഗ് മാഫിയുടെ സാന്നിധ്യം അത്രയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മദ്യമുണ്ടായിരുന്നു. കോളജിനു പിന്നില്‍ കാടുപോലൊരു സ്ഥലം ഉണ്ടായിരുന്നു. ചില സുഹൃത്തുക്കള്‍ അവിടെ ഇരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. സ്വാഭാവികമായും എന്നെ അവര്‍ അവിടേക്കു ക്ഷണിച്ചു. വേണ്ട എന്നു പറയാന്‍ കഴിഞ്ഞാലേ നമുക്ക് അത് ഒഴിവാക്കാന്‍ കഴിയൂ. അന്ന് എനിക്കതു പറയാന്‍ കഴിഞ്ഞു. എന്നെ അടുത്ത് അറിയുന്നവര്‍ ‘വിജയനു കൊടുക്കല്ലേ’ എന്നു പറയുകയും ചെയ്തു.
എനിക്കതു കഴിഞ്ഞുവെങ്കില്‍ നിങ്ങള്‍ക്കും അതിനു കഴിയണം. ഇന്നത്തെ കാലത്ത് ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും ലഹരിക്ക് അടിമകളാവുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത വേണമെന്നു മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. വേണ്ടതു തിരഞ്ഞെടുക്കാനും വേണ്ടാത്തതു തള്ളിക്കളയാനുമുള്ള ശീലം പഠനകാലത്തേ തുടങ്ങണമെന്നും പിണറായി പറഞ്ഞു. വിദ്യാലയങ്ങളെ ലഹരിമാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.