ഓസ്‌ട്രേലിയയക്ക് ലോകകപ്പില്‍ ഉശിരന്‍ തുടക്കം

18 second read

ബ്രിസ്റ്റള്‍: പാക്കിസ്ഥാനും ശ്രീലങ്കയും തകര്‍ന്നതുപോലെ വീണുപോകാതെ തരക്കേടില്ലാത്ത സ്‌കോര്‍ കണ്ടെത്തിയെങ്കിലും ഓസ്‌ട്രേലിയയോടു പിടിച്ചുനില്‍ക്കാന്‍ അഫ്ഗാനിസ്ഥാന് അതു പോരായിരുന്നു. ഐപിഎല്‍ കളിക്കാതെ ലോകകപ്പിനായി ഒരുങ്ങിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും (49 പന്തുകളില്‍ 66) വിലക്കിനുശേഷം മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറും (114 പന്തുകളില്‍ 89 നോട്ടൗട്ട്) കത്തിക്കയറിയപ്പോള്‍ അഫ്ഗാന്‍ പ്രത്യാക്രമണത്തിന്റെ മുനയൊടിഞ്ഞു. 15 ഓവറും ഒരു പന്തും ബാക്കി നില്‍ക്കെ കങ്കാരുപ്പട ലക്ഷ്യത്തിലെത്തി.

ഈ ലോകകപ്പില്‍ 200നു മുകളില്‍ സ്‌കോര്‍ നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന നേട്ടവുമായി ബോള്‍ ചെയ്യാനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ ആത്മവിശ്വാസം തകര്‍ക്കാനുറച്ചാണ് ഓസീസ് വന്നത്. ഫിഞ്ച് – വാര്‍ണര്‍ ഓപ്പണിങ് സഖ്യം 96 റണ്‍സ് കൂട്ടിച്ചേര്‍ത്താണു പിരിഞ്ഞത്. മൂന്നാമനായി വന്ന ഉസ്മാന്‍ ഖവാജയും (15) വിലക്കിനുശേഷം തിരിച്ചെത്തിയ സ്റ്റീവന്‍ സ്മിത്തും (18) ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. സ്മിത്ത് പക്ഷേ, ഫീല്‍ഡില്‍ ഉജ്വല ഫോമിലായിരുന്നു. റഹ്മത്ത് ഷായെ മനോഹരമായി കയ്യിലൊതുക്കിയ സ്മിത്ത് മുഹമ്മദ് നബിയെ റണ്ണൗട്ടാക്കിയും തിളങ്ങി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ മുഹമ്മദ് ഷഹ്‌സാദും ഹസ്രത്തുല്ലയും പൂജ്യന്‍മാരായി മടങ്ങിയെങ്കിലും 3-ാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത് റഹ്മത്ത് ഷാ (43) – ഹഷ്മത്തുല്ല (18) സഖ്യം അഫ്ഗാനെ കൈപിടിച്ചുയര്‍ത്തി. 6-ാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ഗുല്‍ബദ്ദീനും നജീബുല്ലയും 81 റണ്‍സ് കൂട്ടിച്ചേര്‍ത്തതും ഗുണംചെയ്തു. അമിതാവേശത്തില്‍ ഗുല്‍ബദ്ദീനും (33 പന്തില്‍ 31) ഷോര്‍ട് ബോളില്‍ നജീബുല്ലയും (49 പന്തില്‍ 51) മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ ഇരകളായപ്പോള്‍ അഫ്ഗാന്‍ ഒടുങ്ങുമെന്നു കരുതി.

പക്ഷേ, 8ന് 166ല്‍നിന്ന് 207 വരെ എത്തിക്കാന്‍ വാലറ്റത്ത് റാഷിദ് ഖാനും (11 പന്തില്‍ 27) മുജീബുര്‍ റഹ്മാനും (9 പന്തില്‍ 13) വെടിക്കെട്ട് നടത്തി. സ്റ്റോയ്‌നിസിന്റെ 36-ാം ഓവറില്‍ 2 വീതം സിക്‌സും ഫോറുമടക്കം റാഷിദ് 21 റണ്‍സ് നേടിയപ്പോള്‍ കാണികള്‍ക്കു കയ്യടിക്കാതെ മറ്റു മാര്‍ഗമില്ലായിരുന്നു. സാംപയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി റാഷിദും തൊട്ടുപിന്നാലെ കമ്മിന്‍സിന്റെ പന്തില്‍ കുറ്റിതെറിച്ച് മുജീബും പുറത്തായതോടെ അഫ്ഗാന്റെ വീരപോരാട്ടം അവസാനിച്ചു. അപ്പോഴും അഫ്ഗാന്‍ ഇന്നിങ്‌സില്‍ 70 പന്ത് ബാക്കിയുണ്ടായിരുന്നു.

ഓസ്‌ട്രേലിയയ്ക്കായി ലെഗ് സ്പിന്നര്‍ ആദം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ 3 വിക്കറ്റ് വീതവും മാര്‍ക്കസ് സ്റ്റോയ്‌നിസ് 2 വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക് ഒരു വിക്കറ്റുമെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …