ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന് വന്‍സുരക്ഷ

17 second read

തൃശ്ശൂര്‍: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന് വന്‍സുരക്ഷ. പല കേന്ദ്ര ഏജന്‍സികളും ഇതിന്റെ ഭാഗമായി തൃശ്ശൂരിലെത്തും. ഇതുവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്.
ബോംബുകള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 160 ബോംബുവിദഗ്ധര്‍ സ്ഥലത്തെത്തും.
നിലവില്‍ ഭീഷണികളില്ലെന്നും അയല്‍സംസ്ഥാനങ്ങളിലെയും അയല്‍രാജ്യങ്ങളിലെയും സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തിയാണ് സുരക്ഷ ശക്തമാക്കിയതെന്നും തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് സുരക്ഷാസംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൂരംദിവസമായ 13-ന് വടക്കുന്നാഥക്ഷേത്രത്തിലേയ്ക്ക് വരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്‌ക്വാഡ് ഉണ്ടായിരിക്കും. പരിശോധനയ്ക്കായി പടിഞ്ഞാറെഗോപുരനടയിലും കിഴക്കേഗോപുരനടയിലും അത്യാധുനികസംവിധാനങ്ങള്‍ സജ്ജീകരിക്കും. 40 ഡോര്‍ഫ്രെയിംഡ് മെറ്റല്‍ ഡിറ്റക്ടറുകളാണ് ഉപയോഗിക്കുന്നത്. പൂരം കാണാനെത്തുന്നവര്‍ ബാഗുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. 10 ഡോഗ് സ്‌ക്വാഡുകളും സേവനത്തില്‍ ഉണ്ടായിരിക്കും. കണ്ടെത്തുന്ന സ്ഥലത്തുവെച്ചുതന്നെ ബോംബ് നിര്‍വീര്യമാക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
സംശയാസ്പദമായി വ്യക്തികളെ കാണുകയോ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ പോലീസിനെ അറിയിക്കണമെന്ന് ഐ.ജി. പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷയുടെ ഭാഗമായി നിരവധി കെട്ടിടങ്ങളില്‍ ബൈനോക്കുലറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീരദേശ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ളവയാണിവ. വടക്കുന്നാഥക്ഷേത്രം, തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 ക്യാമറകളിലൂടെയുള്ള തത്സമയദൃശ്യങ്ങള്‍ പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കും.
വി.വി.ഐ.പി. ഗാലറിയിലും പരിശോധന ശക്തമായിരിക്കും. ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് സമയങ്ങളില്‍ ഇരുദേവസ്വങ്ങളും നിശ്ചയിച്ച ബാഡ്ജ് അണിഞ്ഞ വൊളന്റിയര്‍മാരെയല്ലാതെ തൊട്ടടുത്ത പരിസരത്തേക്ക് ആരെയും കടത്തിവിടില്ല. പൂരം കാണാനെത്തുന്നവര്‍ ബാഗിനു പുറമേ പ്ലാസ്റ്റിക് ബോട്ടിലും കൊണ്ടുവരരുതെന്നും പോലീസ് നിര്‍ദേശിക്കുന്നു. ഗ്യാസ് സിലിന്‍ഡറുകള്‍ ഉപയോഗിച്ചുള്ള ബലൂണ്‍, ഭക്ഷണശാല എന്നിവ പൂരപ്പറമ്പില്‍ അനുവദിക്കില്ല. ആനത്തൊഴിലാളികള്‍, ആന ഉടമസ്ഥര്‍, സഹായികള്‍, വെടിക്കെട്ടുതൊഴിലാളികള്‍ എന്നിവരുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖ നല്‍കി. എല്ലാ പൂരക്കമ്മിറ്റി ഭാരവാഹികളുടെയും വൊളന്റിയര്‍മാരുടെയും വിവരം പോലീസ് പരിശോധിച്ചു. വാദ്യകലാകാരന്മാര്‍ക്കും ബാഡ്ജ് നിര്‍ബന്ധമാക്കി. എല്ലാ വാദ്യോപകരണങ്ങളും സ്‌കാന്‍ ചെയ്യും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …