തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി താഴെവീണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പരുക്ക്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു.
തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തരൂരിന്റെ തലയില്‍ ഇരുവശത്തുമായി 6 സ്റ്റിച്ചുണ്ട്. തുടര്‍ന്ന് ഇവിടുന്ന് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ന്യൂറോ വിഭാഗത്തില്‍ തുടര്‍ പരിശോധനകള്‍ നടത്തും. ഇന്നു രാവിലെയാണ് തുലാഭാര വഴിപാടിനായി തരൂര്‍ ക്ഷേത്രത്തിലെത്തിയത്.
തരൂരിന്റെ ഇന്നത്തെ എല്ലാ തിരഞ്ഞെടുപ്പു പരിപാടികളും മാറ്റിവച്ചതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി അറിയിച്ചു. മറ്റു തിരഞ്ഞെടുപ്പു പരിപാടികളെല്ലാം നേരത്തെ തയാറാക്കിയതുപോലെ തുടരുന്നതാണ്.