സി.പി.എമ്മിലെ പടലപിണക്കം: ഏറത്ത് എല്‍.ഡി.എഫിന് ഭരണ നഷ്ടം

16 second read

അടൂര്‍: സി.പി.എമ്മിലെ പടലപിണക്കം കാരണം ഏറത്ത് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം. സിപിഎം വിമത ഷൈലാ റജി കോണ്‍ഗ്രസ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായും കോണ്‍ഗ്രസിലെ ശൈലേന്ദ്രനാഥ് സിപിഎം വിമതരുടെ പിന്തുണയോടെ വൈസ്പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ വിജയകുമാറിനും വൈസ്പ്രസിഡന്റ് ടി.ഡി. സജിക്കുമെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച സിപിഎമ്മിലെ ഷൈലാ റജിയിലൂടെയും ബാബുചന്ദ്രനിലൂടെയുമാണ് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം അട്ടിമറിക്കപ്പെട്ടത്.

ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം പ്രസന്നയ്ക്കും അടുത്ത രണ്ടര വര്‍ഷം ഷൈലാ റജിയ്ക്കും നല്‍കാമെന്ന് സിപിഎമ്മില്‍ ധാരണയുണ്ടായിരുന്നത്രെ. എന്നാല്‍ ഇങ്ങനെ ഒരു ധാരണ ഇല്ലെന്നു പറഞ്ഞ് പ്രസന്ന രാജിവയ്ക്കാന്‍ തയാറായില്ല. ഇതോടെ ഷൈലയും ബാബുചന്ദ്രനും ഇടയുകയും പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ചെയ്തു. ഈ നീക്കം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നത്.

അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കു വരും മുന്‍പേ വൈസ്പ്രസിഡന്റ് ടി.ഡി. സജി രാജി വച്ചു. പ്രസിഡന്റ് പ്രസന്ന രാജിവക്കാതെ അവിശ്വാസ പ്രമേയത്തെ നേരിട്ടെങ്കിലും അവിശ്വാസം പാസാവുകയും അവര്‍ പുറത്താവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

അംഗ ഭരണസമിതിയില്‍ സിപിഎം 8, സിപിഐ1, കോണ്‍ഗ്രസ് 7, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില.

രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ടി. സരസ്വതിയുടെ പേര് സിപിഐയിലെ രാജേഷ് നിര്‍ദേശിച്ചു. ടി.ഡി. സജി പിന്താങ്ങി. ഷൈലാ റജിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

ഷൈലയുടെ പേര് കോണ്‍ഗ്രസിലെ ശൈലേന്ദ്രനാഥ് നിര്‍ദേശിക്കുകയും വത്സമ്മ സുകുമാരന്‍ പിന്താങ്ങുകയും ചെയ്തു. വോട്ടെടുപ്പില്‍ ഷൈലയ്ക്ക് 9 വോട്ടും സരസ്വതിക്ക് 7 വോട്ടും ലഭിച്ചു. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കോണ്‍ഗ്രസിലെ 7 അംഗങ്ങളുടെ പിന്തുണയോടെ ഷൈല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഉച്ചയ്ക്ക് 2ന് നടന്ന വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ശൈലേന്ദ്രനാഥിന് 9 വോട്ടും സിപിഎമ്മിലെ ടി.ഡി. സജിക്ക് 7 വോട്ടും ലഭിച്ചു. താലൂക്ക് സപ്ലൈ ഓഫിസര്‍ എം. അനിലായിരുന്നു വരണാധികാരി. ഷൈല വരണാധികാരി മുന്‍പാകെയും വൈസ്പ്രസിഡന്റ് ശൈലേന്ദ്രനാഥ് പ്രസിഡന്റ് ഷൈലാ റജി മുന്‍പാകെയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

നടപടി എടുക്കും

പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായിട്ടാണ് ഷൈലയും ബാബുചന്ദ്രനും പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തതെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സിപിഎം ഏരിയാ നേതൃത്വം പറഞ്ഞു. അതേ സമയം സിപിഎമ്മില്‍ ഉറച്ചു നില്‍ക്കുമെന്ന തീരുമാനത്തിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷൈല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …