കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേര്‍സ് അസോസിയേഷന്‍ (കെജിഎംസിടിഎ). കുട്ടിക്കു നാക്കിലും പ്രശ്‌നം ഉണ്ടായതുകൊണ്ടാണു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് ഇതിനു പ്രഥമ പരിഗണന നല്‍കിയതെന്നും കെജിഎംസിടിഎ കോഴിക്കോട് യൂണിറ്റ് അഭിപ്രായപ്പെട്ടു.
കുട്ടി ചികിത്സയ്ക്ക് എത്തിയത് കയ്യിലെ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ്. അത് ചെയ്തിരുന്നില്ലെന്നു കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ ഓഫിസറോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണവിധേയമായി പ്രഫസറെ സസ്പെന്‍ഡ് ചെയ്തു. ഈ നടപടി അധ്യാപകരുടെ ആത്മവീര്യം തകര്‍ക്കുന്നതാണെന്നു സംഘടന ചൂണ്ടിക്കാട്ടി.