വ്യക്തിപരമായ എതിര്‍പ്പുകളും വിയോജിപ്പുകളും സിനിമയോട് കാണിക്കരുതെന്ന് നടി മഞ്ജു വാര്യര്‍. ദിലീപ് ചിത്രം എന്നതിന്റെ പേരില്‍ ‘രാമലീല’ യ്‌ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമര്‍ശിച്ചാണ് മഞ്ജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എത്തിയത്.രാമലീല ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ദൗര്‍ഭാഗ്യകരമാണെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
നടിയെ ആക്രമിച്ചകേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാകുന്നതിന് തൊട്ടുമുന്‍പായി ചിത്രീകരണവും അണിയറ ജോലികളും പൂര്‍ത്തിയാക്കി റിലീസിനായി ഒരുങ്ങിയ സിനിമയായിരുന്നു നവാഗത സംവിധായകനായ അരുണ്‍ ഗോപി ഒരുക്കിയ രാമലീല. പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ദിലീപ് ജയിലിലായതോടെ സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയായിരുന്നു. ദിലീപിന്റെ ജയില്‍ മോചനത്തിന് ശേഷം റിലീസിംഗ് നടത്താനായിരുന്നു നിര്‍മ്മാതാവിന്റെ തീരുമാനം. എന്നാല്‍ ദിലീപിന്റെ മോചനം നീണ്ടുപോയതോടെ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഇതേതുടര്‍ന്ന് ചിത്രത്തിനെതിരേ വന്‍ പ്രതിഷേധം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു. സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കണമെന്ന ആഹ്വാനംവരെയുണ്ടായ പശ്ചാത്തലത്തിലാണ് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവിന്റെ പോസ്റ്റ് എത്തിയത്. നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
ഈ മാസം 28 ന് തിയേറ്ററുകളില്‍ എത്തുന്ന മഞ്ജു നായികയായ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തെകുറിച്ചുള്ള പോസ്റ്റിലാണ് ഈ സിനിമയ്ക്കൊപ്പമെത്തുന്ന രാമലീലയെകുറിച്ച് മഞ്ജു പരാമര്‍ശിക്കുന്നത്. തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ ‘ഉദാഹരണം സുജാത’ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ മഞ്ജുവിനെതിരേ ഭീഷണിയും ആക്രമണവും നടന്നുവന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആക്രമണമായിരുന്നില്ലെന്നും ചിലരുടെ പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നുമാണ് ഇതേക്കുറിച്ച് മഞ്ജു പിന്നീട് പ്രതികരിച്ചത്.
വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. രാമലീലയ്‌ക്കെതിരായ ആക്രോശം തീയറ്റര്‍ കത്തിക്കണമെന്ന ആഹ്വാനത്തില്‍ വരെയെത്തി. സിനിമ ഒരാളുടേതല്ലെന്നും ഒരുപാട് പേരുടേതാണെന്നും മഞ്ജു ഓര്‍മിപ്പിച്ചു.
രാമലീല വര്‍ഷങ്ങളായി സിനിമ മാത്രം മനസിലിട്ട് നടക്കുന്ന ഒരു യുവസംവിധായകന്റേത് കൂടിയാണ്. സിനിമ തീയറ്ററില്‍ എത്തണമെന്നും അത് പ്രേക്ഷകര്‍ കാണണമെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആഗ്രഹിക്കാന്‍ അവകാശമുണ്ട്. അത് നിഷേധിക്കാന്‍ നമ്മുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണെന്നും കാലം മാപ്പ് തരില്ലെന്നും മഞ്ജുവാര്യര്‍ ഓര്‍മിപ്പിച്ചു. രാമലീല പ്രേക്ഷകര്‍ കാണട്ടെ, കാഴ്ചയുടെ നീതി പുലരട്ടെ എന്ന് ആഹ്വാനം ചെയ്താണ് മഞ്ജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.