പാലക്കാട്: വ്യാജ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കെ.വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. അഗളി ഡിവൈഎസ്പി ഓഫിസിലാണ് കുഴഞ്ഞുവീണത്. വിദ്യയെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. വിദ്യയ്ക്കു നിര്‍ജലീകരണമെന്നും ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിദ്യ ആശുപത്രിയില്‍ തുടരും. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടുന്നത്. ഇന്നലെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡില്‍ വിട്ടു. നാളെ കോടതിയില്‍ ഹാജരാക്കണം.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂണ്‍ 6ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കല്‍ (ഐപിസി 465), വഞ്ചിക്കാന്‍ വേണ്ടി വ്യാജരേഖയുണ്ടാക്കല്‍ (468), യഥാര്‍ഥ രേഖയെന്ന മട്ടില്‍ അത് ഉപയോഗിക്കല്‍ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.
ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ 2 സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയില്‍ പറയുന്നത്. ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ യഥാര്‍ഥത്തില്‍ മഹാരാജാസിലെ പിജി വിദ്യാര്‍ഥിയായിരുന്നു. ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തില്‍ 10 വര്‍ഷമായി ഗെസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ല. മുന്‍പ് പാലക്കാട്ടും കാസര്‍കോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളില്‍ വിദ്യ ഗെസ്റ്റ് ലക്ചററായിരുന്നു. കരിന്തളം കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയിലും വിദ്യയ്ക്കതിരെ കേസെടുത്തിട്ടുണ്ട്.