എമര്‍ജന്‍സി വിന്‍ഡോയിലൂടെ പുറത്തേക്ക് തെറിച്ചത് മാത്രം ഓര്‍മയുണ്ട്: എണീറ്റ് നോക്കുമ്പോള്‍ ട്രെയിന്‍ ബോഗികള്‍ കരണം മറിയുന്നു: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ജവാന്‍ അനില്‍കുമാര്‍ പറയുന്നു

17 second read

അടൂര്‍: എമന്‍ജന്‍സി വിന്‍ഡോയ്ക്ക് സമീപമായിരുന്നു ഞാനിരുന്നത്. ട്രെയിന്‍ ഭുവനേശ്വറിലേക്കുള്ള യാത്രയിലായിരുന്നു. പെട്ടെന്ന് സഡന്‍ബ്രേക്കിട്ടതു പോലെ വണ്ടിയൊന്ന് ഉലഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിന് മുന്‍പ് എമര്‍ജന്‍സി വിന്‍ഡോ തകര്‍ന്ന് ഞാന്‍ പുറത്തേക്ക് തെറിച്ചു വീണു. അവിടെ കിടന്ന് നോക്കുമ്പോള്‍ ഞാന്‍ വന്ന എസ് 5 ബോഗി കരണം മറിയുന്നു. ഞെട്ടിപ്പോയി. പിന്നെ ഓടി മറിഞ്ഞു കിടക്കുന്ന ബോഗിക്ക മുകളില്‍ കയറി. ലഗേജ് എടുക്കാന്‍ കയറിയ ഞാന്‍ പിന്നെ അതൊക്കെ മറന്നു. ഒരു മണിക്കൂര്‍ നീളുന്ന രക്ഷാപ്രവര്‍ത്തനം. ഒഡീഷ ട്രെയിന്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മലയാളി സൈനികന്‍ അടൂര്‍ വെള്ളക്കുളങ്ങര കിണറുവിളയില്‍ വിജയഭവനില്‍ കെ.വി. അനീഷ് കുമാര്‍ പറഞ്ഞു.

ആസാം റെജിമെന്റിലെ കല്‍ക്കട്ട ബാരക്ക്പൂരില്‍ ജോലി ചെയ്യുന്ന അനീഷ്
ഭാര്യയെയും രണ്ടു മക്കളെയും ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടിലേക്ക് വരുമ്പോഴാണ് അപകടം. അനീഷിന്റെ മൂത്ത സഹോദരനും സൈനികനാണ്. അദ്ദേഹം ലേയിലാണ് ജോലി ചെയ്യുന്നത്. ആറു മാസം മുന്‍പ് നാട്ടില്‍ വന്ന് മടങ്ങിയ അനീഷ് ജോലി സ്ഥലത്തേക്ക് കുടുംബത്തെ കൂട്ടാനാണ് വന്നത്. കോറമാണ്ടല്‍ എക്സ്പ്രസില്‍ ചെന്നൈയില്‍ വന്ന് അവിടെ നിന്ന് നാട്ടിലേക്ക് എത്താനായിരുന്നു പദ്ധതി.

വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടം നടക്കുന്നത്. ബോഗി പാളം തെറ്റി മറിഞ്ഞതിന് പിന്നാലെ ലഗേജും ആള്‍ക്കാരും വന്ന് ശരീരത്ത് ഇടിക്കുകയും എമന്‍ജന്‍സി വിന്‍ഡോ തകര്‍ന്ന് താന്‍ പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നുവെന്ന് അനീഷ് പറഞ്ഞു. വീണ് കിടന്നിടത്ത് നിന്ന് എണീറ്റു നോക്കുമ്പോള്‍ എസ് അഞ്ചിന് പുറമേ മറ്റ് ബോഗികളും കരണം മറിയുന്നു. ചലനം നിലച്ച ബോഗിയിലേക്ക് ചാടിക്കയറിയത് നഷ്ടപ്പെട്ട ഫോണും ലഗേജും എടുക്കാന്‍ വേണ്ടിയായിരുന്നു. അപ്പോഴാണ് പരുക്കേറ്റവരെ കണ്ടത്. പിന്നെ ഒന്നും ചിന്തിച്ചില്ല. കാലിന് ചെറിയ പരുക്ക് പറ്റിയെങ്കിലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. അപകടം തുടങ്ങി ആദ്യ അരമണിക്കൂറില്‍ അവിടേക്ക് ആരും എത്തപ്പെട്ടില്ല. ബോഗിയിലുണ്ടായിരുന്ന പരുക്കേറ്റവരെ നിസാര പരുക്കുകള്‍ ഉള്ളവര്‍ പുറത്തെത്തിക്കുകയായിരുന്നു. അതിനിടെ രണ്ടു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹവും കണ്ടു. ഒരു മണിക്കൂര്‍ കൊണ്ട് മുഴുവന്‍ പേരെയും പുറത്തെടുത്തു. അപ്പോഴേക്കും ആംബുലന്‍സുകള്‍ സ്ഥലത്ത് വന്നു.

പരുക്കു പറ്റിയ തിരുവല്ല സ്വദേശിയെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. അദ്ദേഹത്തെ അവിടെ വിട്ട് തിരികെ അതേ ആംബുലന്‍സില്‍ സ്ഥലത്ത് വന്നു. ലഗേജും മൊബൈലും തപ്പി എടുക്കുകയായിരുന്നു ലക്ഷ്യം. മടങ്ങിയെത്തിയപ്പോഴേക്കും അവിടെ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞു. ബോഗികള്‍ക്ക് അടുത്തേക്ക് ചെല്ലാന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ ലഗേജും ഫോണും സ്വര്‍ണമാലയുമൊക്കെ ഉപേക്ഷിച്ച് സ്പെഷല്‍ ബസില്‍ രാത്രി 11.45 ന് ഭുവനേശ്വറിലേക്ക് പോയി. ശനിയാഴ്ച രാവിലെ അവിടെ നിന്നുള്ള സ്പെഷല്‍ ട്രെയിനില്‍ ചെന്നൈയിലേക്ക് വരികയാണ്. ഈ ഇന്റര്‍വ്യൂ നല്‍കുമ്പോള്‍ വിജയവാഡയിലെത്തി.

അപകടത്തിന്റെ ദൃശ്യങ്ങള്‍ അടൂരിലെ വീട്ടില്‍ കാണുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല ഞാന്‍ വന്ന ട്രെയിനാണത് എന്ന്. എന്നാല്‍ ദൃശ്യങ്ങള്‍ക്കിടയില്‍ മിന്നായം പോലെ അവര്‍ എന്നെ കണ്ടു. തുടര്‍ന്ന് എന്റെ ഫോണിലേക്ക് വിളിച്ചു. ഈ സമയം ലേയുള്ള മൂത്ത ചേട്ടന്‍ എന്നെ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. അവിടെയുണ്ടായിരുന്ന ആളുടെ ഫോണ്‍ വാങ്ങി അദ്ദേഹത്തെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം അക്കാര്യം വീട്ടില്‍ അറിയിച്ചതോടെ അവര്‍ക്ക് സമാധാനമായി. പിന്നീട് ഞാന്‍ അവരെയും വിളിച്ചു. നാട്ടിലേക്ക് വരാനായി ഷാലിമാറില്‍ നിന്നാണ് അനീഷ് കുമാര്‍ ട്രെയിന്‍ കയറിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …