ബിജെപിക്കു സംഭാവന ഇനി ക്യൂആര്‍ കോഡ് വഴി

18 second read

പാലക്കാട്: ബിജെപിക്കു സംഭാവന ഇനി ക്യൂആര്‍ കോഡ് വഴി. ഫണ്ട് പിരിവു സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലായാണ് ഇത്. ഒപ്പം, വ്യവസായികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും വലിയ തുക സംഭാവന സ്വീകരിക്കാനും പുതിയ സംവിധാനമുണ്ട്. പാര്‍ട്ടി ഫണ്ട് ഓഡിറ്റും കര്‍ശനവും വിപുലവുമാകും. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വമാണ് പുതിയ സംവിധാനം നിര്‍ദ്ദേശിച്ചതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംസ്ഥാന പ്രഭാരിമാരുടെ യോഗത്തിലെ തീരുമാനം പ്രമുഖ വ്യവസായികളെയും സ്ഥാപന ഉടമകളെയും അറിയിച്ചതായാണ് വിവരം. മുന്‍കൂട്ടി അറിയിച്ച ശേഷം സംസ്ഥാന നേതൃത്വം നിയോഗിക്കുന്ന രണ്ടംഗസംഘത്തിനു മാത്രമേ സംഭാവന നല്‍കാവൂ എന്നും അല്ലാതെ നല്‍കുന്ന നല്‍കുന്ന പണം, അതു വാങ്ങുന്ന നേതാക്കളുടെ വ്യക്തിപരമായ പിരിവാണെന്നും അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് ചിലര്‍ നടത്തുന്ന പിരിവിനെപ്പറ്റി പ്രവര്‍ത്തകര്‍ നേതൃത്വത്തോടു പരാതിപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ട് സംബന്ധിച്ച ആരോപണങ്ങളും കാസര്‍കോട്, വയനാട്, കൊടകര വിവാദ കേസുകളും പരിഗണിച്ചാണ് ഇത്തവണ നടപടികള്‍ കൂടുതല്‍ സുതാര്യവും കര്‍ശനവുമാക്കാന്‍ സംസ്ഥാന നേതൃത്വം നീക്കം തുടങ്ങിയത്. രാജ്യത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഡിജിറ്റലായി ഫണ്ട് സ്വീകരിക്കുന്നതെന്ന് നേതൃത്വം പറഞ്ഞു.

സംഭാവന ശേഖരിക്കാനെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ക്യൂആര്‍ കോഡ് നല്‍കുക. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു. 100 കോടി രൂപയാണ് ഇത്തവണ ബിജെപി സംസ്ഥാന ഘടകത്തിന്റെ ടാര്‍ഗറ്റ്. സംഘമായും അല്ലാതെയുമുള്ള പിരിവിന് മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1000 രൂപ വരെയുളള സംഭാവന കൂപ്പണ്‍ വഴി സ്വീകരിക്കാമെങ്കിലും അതിനു മുകളിലുളള തുകയ്ക്ക് രസീത് നിര്‍ബന്ധമാക്കി. 10,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ ചെക്കായി മാത്രമേ വാങ്ങാവൂ എന്നാണ് വ്യവസ്ഥ.

ഇതിനു പുറമെയാണ് അഭ്യുദായകാംക്ഷികള്‍ക്കും പണം ഡിജിറ്റലായി കൈകാര്യം ചെയ്യുന്നവര്‍ക്കും മറ്റും പാര്‍ട്ടിക്ക് നേരിട്ടു സംഭാവന നല്‍കാന്‍ ക്യൂആര്‍ കോഡ് ഏര്‍പ്പെടുത്തിയത്. അത് സംഘടനയുടെ സംസ്ഥാന അക്കൗണ്ടിലെത്തും. ഫണ്ട് ശേഖരണ വ്യവസ്ഥകള്‍ പാലിക്കുന്നുവന്ന് ഉറപ്പാക്കാന്‍ നിരീക്ഷണകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മണ്ഡലം കമ്മിറ്റികള്‍ക്ക് ഇനി പല ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടാവില്ല. പകരം സംസ്ഥാന നേതൃത്വത്തിന് നേരിട്ടു നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ഏകീകൃത ഫണ്ട് സംവിധാനമാണ് ഉണ്ടാവുക. നേരത്തേയുള്ള വ്യവസ്ഥയില്‍ ഫണ്ട് സംബന്ധിച്ച് വ്യക്തമായ കണക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. കോവിഡ് കാലത്ത് ഫണ്ട് ശേഖരണം ഉണ്ടായിരുന്നില്ല.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …