ശബരിമല നട തുറന്നു; ദര്‍ശന പുണ്യത്താല്‍ മനം നിറഞ്ഞ് തീര്‍ഥാടകര്‍

17 second read

ശബരിമല:മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നലെ ( 16) വൈകിട്ട് അഞ്ചിന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.

പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകര്‍ന്നു. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി ഭക്തര്‍ പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു സായൂജ്യമടഞ്ഞു. ഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ഇന്നലെ (16) പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ശബരിമലയിലെ പുതിയ പുറപ്പെടാ മേല്‍ശാന്തിയായി ജയരാമന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് ജയരാമന്‍ നമ്പൂതിരിയെ തന്ത്രി കണ്ഠര് രാജീവര്, അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കര്‍ണങ്ങളിലേക്ക് തന്ത്രി പകര്‍ന്നു നല്‍കി. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ കലശാഭിഷേകം നടത്തി ഹരിഹരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി അവരോധിച്ചു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, എഡിജിപി എം.ആര്‍. അജിത്ത് കുമാര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം. മഹാജന്‍, ദേവസ്വം സെക്രട്ടറി
കെ. ബിജു, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വൃശ്ചികം ഒന്നായ ഇന്ന് (17) പുലര്‍ച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ പൂജാ കര്‍മ്മം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി ഇന്നലെ (16) ന് രാത്രി തന്നെ അയ്യപ്പനോട് യാത്ര ചൊല്ലി പടിയിറങ്ങി.
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …