മെറ്റയുടെ ഇന്ത്യാ മേധാവി മലയാളിയായ അജിത് മോഹന്‍ രാജിവച്ചു

17 second read

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി മലയാളിയായ അജിത് മോഹന്‍ രാജിവച്ചു. നാലുവര്‍ഷം മുന്‍പാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ബിസിനസുകള്‍ക്കും പങ്കാളികള്‍ക്കും സേവനമനുഷ്ഠിക്കാന്‍ കഴിയുന്ന തരത്തില്‍ മെറ്റയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും അജിത് പ്രധാനപങ്കു വഹിച്ചിട്ടുണ്ടെന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്കോള മാന്‍ഡല്‍സന്‍ പറഞ്ഞു.

കൊച്ചിയിലെ ഉദ്യോഗമണ്ഡല്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അജിത്തിന്റെ പഠനമെല്ലാം വിദേശത്തായിരുന്നു. ആദ്യം സിംഗപ്പൂരിലെ നംയാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദപഠനം. പിന്നീട് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്സിലും ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും ബിരുദാനന്തരബിരുദം. തുടര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍നിന്ന് ഫിനാന്‍സില്‍ എംബിഎ ബിരുദമെടുത്തു.

ആര്‍തര്‍ ഡി.ലിറ്റില്‍, മക്കന്‍സി എന്നിവിടങ്ങളില്‍ കണ്‍സല്‍ട്ടന്‍സി സ്ഥാനങ്ങള്‍ വഹിച്ച ശേഷം 2012ലാണ് അജിത് സ്റ്റാര്‍ ടിവി നെറ്റ്വര്‍ക്കിലെത്തുന്നത്. സ്റ്റാര്‍ ടിവിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു. ശേഷം 2015 നവംബറില്‍ സ്റ്റാര്‍ ഇന്ത്യയുടെതന്നെ ഹോട്ട്സ്റ്റാര്‍ ഡിജിറ്റല്‍ ആന്‍ഡ് മൊബൈല്‍ എന്റര്‍ടൈന്‍മെന്റ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിന്റെ പ്രസിഡന്റായി.

2016 ഏപ്രിലില്‍ ഹോട്ട്സ്റ്റാറിന്റെ സിഇഒ സ്ഥാനം വഹിച്ചു. 2017 ഒക്ടോബറില്‍ ഉമങ് ബേദി സ്ഥാനമൊഴിഞ്ഞതു പിന്നാലെയാണ് ഫെയ്‌സ്ബുക് ഇന്ത്യയുടെ തലപ്പത്തേക്ക് അജിത് എത്തിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …