ഇന്ത്യയുടെ 5ജി വിപ്ലവത്തിന് ഓഗസ്റ്റില്‍ത്തന്നെ തുടക്കമിടാന്‍ എയര്‍ടെല്‍

17 second read

അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ സുപ്രധാനമായ 5ജി ലേലത്തില്‍ ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയത് 19,867.8 മെഗാഹെട്സ് സ്പെക്ട്രമാണ്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോം നടത്തിയ ലേലത്തില്‍ സ്പെക്ട്രം സ്വന്തമാക്കാനായി എയര്‍ടെല്‍ മൊത്തം മുടക്കിയതാകട്ടെ 43,084 കോടി രൂപയുമാണ്. രാജ്യത്തുടനീളം 5ജി എത്തിക്കാനായി വൈവിധ്യമാര്‍ന്ന ബാന്‍ഡുകളും എയര്‍ടെല്‍ സ്വന്തമാക്കിയിട്ടണ്ട്. 26 ഗിഗാഹെട്സ്, 3.5 ഗിഗാഹെട്സ് ബാന്‍ഡ് എന്നീ ലോബാന്‍ഡുകളും, 900 മെഗാഹെട്സ്, 1800 മെഗാഹെട്സ്, 2100 മെഗാഹെട്സ്എന്നീ മിഡ്ബാന്‍ഡ് സ്പെക്ട്രവും സ്വന്തമാക്കി. ഇതോടെ 20 വര്‍ഷത്തേക്ക് രാജ്യത്ത് 5ജി പ്രക്ഷേപണം നടത്താനുള്ള അവകാശമാണ് എയര്‍ടെല്‍ നേടിയിരിക്കുന്നത്.

ഉന്നത ഗുണനിലവാരമുള്ള 5ജി സേവനം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ എയര്‍ടെല്‍

കമ്പനി സ്വന്തമാക്കിയ സ്പെക്ട്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത് എയര്‍ടെലിനാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വിപുലമായ ബ്രോഡ്ബാന്‍ഡ് സാന്നിധ്യമുള്ളത് എന്നാണ്. ഇതോടെ, രാജ്യത്തെ 5ജി വിപ്ലവത്തിന്റെ മുന്‍നിരയിലേക്കെത്തുകയാണ് എയര്‍ടെല്‍ എന്ന ടെലികോം ഭീമന്‍. മുന്‍ വര്‍ഷങ്ങളിലെ സ്പെക്ട്രം സ്വന്തമാക്കല്‍ ചരിത്രം പരിശോധിച്ചാലും ഒരു കാര്യം വ്യക്തമാണ് – വളരെ സ്മാര്‍ട്ടും ബോധപൂര്‍വവുമായ തന്ത്രങ്ങള്‍ മെനഞ്ഞാണ് എയര്‍ടെല്‍ തങ്ങളുടെ നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്. ഏറ്റവും മികച്ച മിഡ്, ലോബാന്‍ഡ് സ്‌പെക്ട്രങ്ങള്‍ എയര്‍ടെലിന്റെ കൈവശം എത്തിയതിനു പിന്നില്‍ ഈ ഗൃഹപാഠം ചെയ്യല്‍ തന്നെയാണ്.

അതുകൊണ്ടുതന്നെ, ഉപയോക്താക്കള്‍ക്കായുള്ള 5ജി പ്രക്ഷേപണം തുടങ്ങുമ്പോള്‍ ഏറ്റവും മികച്ച കവറേജ് ഉറപ്പാക്കാന്‍ എയര്‍ടെല്ലിനു സാധിക്കും. തങ്ങളുടെ 5ജി സേവനം ഓഗസ്റ്റ് മുതല്‍ തുടങ്ങുമെന്നും അതിന്റെ ഗുണനിലവാരം ഉറപ്പാക്കാനായി ലോകത്തെ ഏറ്റവും മികച്ച ടെക്നോളജി കമ്പനികളുമായി സഹകരിച്ചായിരിക്കും വരിക്കാര്‍ക്ക് 5ജി എത്തിക്കുക എന്നും എയര്‍ടെല്‍ അറിയിച്ചു കഴിഞ്ഞു.

ഇതിനെല്ലാം പുറമെ 3.5 ഗിഗാഹെട്സ്, 26 ഗിഗാഹെട്സ് എന്നീ ബാന്‍ഡുകളുടെ അപാര ശേഷി ഉപയോഗപ്പെടുത്തി 100 മടങ്ങ് വരെ ശക്തിയോടെ ഡേറ്റ കുറഞ്ഞ ചെലവില്‍ പ്രക്ഷേപണം ചെയ്യാനും എയര്‍ടെല്ലിനു സാധിക്കും.

ലേലത്തില്‍ കമ്പനിക്കുണ്ടായ നേട്ടത്തില്‍ അതീവ സന്തുഷ്ടരാണെന്ന് സ്പെക്ട്രം സ്വന്തമാക്കിയ ശേഷം സംസാരിച്ച ഭാരതി എയര്‍ടെല്‍ എംഡിയും മേധാവിയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. എതിരാളികള്‍ ചെലവിടുന്ന പണത്തെക്കാള്‍ വളരെ കുറച്ചു മാത്രം നല്‍കി ഏറ്റവും മികച്ച സ്പെക്ട്രം സ്വന്തമാക്കുക എന്ന തന്ത്രം നടപ്പാക്കുകയാണു തങ്ങള്‍ ചെയ്തത്. ഇതു വഴി നവീന സാങ്കേതികവിദ്യകള്‍ കൊണ്ടുവരാനും ഇനി വന്നേക്കാവുന്ന അപ്രതീക്ഷിത വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാകാനും ഇന്ത്യയിലെ ഏറ്റവും സൂക്ഷ്മാവബോധമുള്ള കസ്റ്റമര്‍ക്കു പോലും അതീവ തൃപ്തി നല്‍കുന്ന സേവനം നല്‍കാനും സാധിക്കും. കവറേജ്, ഡേറ്റാ സ്പീഡ്, ലേറ്റന്‍സി തുടങ്ങിയ കാര്യങ്ങളിലെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സേവനം നല്‍കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്. സാധാരണ കസ്റ്റമര്‍മാര്‍ക്ക് എന്നതു പോലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കാന്‍ ഇപ്പോള്‍ അനുവര്‍ത്തിച്ചു വരുന്ന പല വാര്‍പ്പു മാതൃകകളെയും തകര്‍ക്കാന്‍ തങ്ങള്‍ക്കാകുമെന്നും ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ 5ജി നല്‍കി പുതിയ വിപ്ലവത്തിന് തുടക്കമിടാനാണ് എയര്‍ടെല്‍ ഒരുങ്ങുന്നത്. ഇതിനായി ചില പ്രധാന നഗരങ്ങള്‍ തിരഞ്ഞെടുത്തായിരിക്കും ആദ്യം 5ജി സേവനം നല്‍കുക. ഈ ടെലികോം ഭീമന്‍ ഇതിനെല്ലാമായി സാംസങ്, നോക്കിയ, എറിക്സണ്‍ എന്നീ, ലോകത്തെ തന്നെ മുന്‍നിര കമ്പനികളുമായാണ് ധാരണയിലെത്തിയിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 5ജി എത്തിക്കാന്‍ ഈ കമ്പനികളായിരിക്കും എയര്‍ടെല്ലിന്റെ നെറ്റ്വര്‍ക്ക് പാര്‍ട്ണര്‍മാര്‍. ഓഗസ്റ്റില്‍ത്തന്നെ അതിവേഗ ഡേറ്റാ സേവനങ്ങള്‍ നല്‍കി തുടങ്ങാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടുതല്‍ 5ജി ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങിയിരിക്കുന്ന ഈ സാഹചര്യത്തില്‍ തങ്ങളുടെ കസ്റ്റമര്‍മാര്‍ അതിവേഗം 5ജി സേവനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനെല്ലാം പുറമെ ആളുകള്‍ ജോലിയെടുക്കുകയും വിനോദങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന രീതികള്‍ 5ജി സാങ്കേതികവിദ്യ പരിപൂര്‍ണമായി പൊളിച്ചെഴുതും എന്നതിനാല്‍ ആളുകള്‍ 5ജിയെ തുറന്ന കൈകളോടെ ആശ്ലേഷിക്കുമെന്നും എയര്‍ടെല്‍ കരുതുന്നു. വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ഈ സമീപനം ഉള്ളവരായിരിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …