ഗ്രാന്‍സ്‌ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് ഇനി സ്പാനിഷ് താരം റാഫേല്‍ നദാലിന്

28 second read

മെല്‍ബണ്‍: ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്‌ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് ഇനി സ്പാനിഷ് താരം റാഫേല്‍ നദാലിന്. 20 കിരീടങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍, സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കൊപ്പം ഇതുവരെ പങ്കുവച്ച റെക്കോര്‍ഡ്, 21-ാം കിരീടവുമായി ഇനി റാഫേല്‍ നദാലിന് മാത്രം സ്വന്തം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്വദേവ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് നദാലിന്റെ 21-ാം ഗ്രാന്‍സ്ലാം കിരീടനേട്ടം. ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ടശേഷം തിരിച്ചടിച്ചാണ് മുപ്പത്തഞ്ചുകാരനായ നദാല്‍ മെദ്വദേവിനെ വീഴ്ത്തിയത്. സ്‌കോര്‍: 2-6, 6-7, 6-4, 6-4, 7-5.

ഇരുവരും തമ്മില്‍ നടന്ന അഞ്ചാം മത്സരത്തില്‍ നദാലിന്റെ നാലാം ജയമാണിത്. ഇതിനു മുന്‍പ് ഏറ്റുമുട്ടിയ 2019 യുഎസ് ഓപ്പണ്‍ ഫൈനലിലും നദാല്‍ മെദ്വദേവിനെ തോല്‍പിച്ചിരുന്നു. ഈ സീസണില്‍ തോല്‍വിയറിയാതെ നദാലിന്റെ 11-ാം മത്സരമാണിത്.

കഴിഞ്ഞവര്‍ഷത്തെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ 21-ാം ഗ്രാന്‍സ്‌ലാം കിരീടം തേടിയിറങ്ങിയ നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ച മെദ്വദേവ് ഇത്തവണ നദാലിനെതിരെയും അട്ടിമറി ഭീഷണി ഉയര്‍ത്തിയശേഷമാണ് കീഴടങ്ങിയത്. ആദ്യ സെറ്റ് 6-2ന് അനായാസം സ്വന്തമാക്കി നിലപാട് വ്യക്തമാക്കിയ മെദ്വദേവ്, രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവില്‍ 7-6നും സ്വന്തമാക്കിയതോടെ അട്ടിമറി മണത്തതാണ്.

എന്നാല്‍, മൂന്നും നാലും സെറ്റുകള്‍ 6-4 എന്ന സ്‌കോറില്‍ സ്വന്തമാക്കി നദാല്‍ ശക്തമായി തിരിച്ചടിച്ചു. ഒടുവില്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ 7-5 ജയത്തോടെ നദാല്‍ മത്സരവും 21-ാം ഗ്രാന്‍സ്‌ലാം കിരീടവും റെക്കോര്‍ഡും സ്വന്തമാക്കി.

നൊവാക് ജോക്കോവിച്ചിന്റെ വാക്‌സീന്‍ വിവാദത്തിലൂടെ നിറം മങ്ങി തുടങ്ങിയ ഓസ്‌ട്രേലിയന്‍ ഓപ്പണിനാണ് ഇത്തവണ റാഫേല്‍ നദാലിന്റെ കിരീടനേട്ടത്തിലൂടെ ആവേശോജ്വല വിരാമമായത്. 29-ാം ഗ്രാന്‍സ്‌ലാം ഫൈനലില്‍നിന്നാണ് നദാല്‍ റെക്കോര്‍ഡ് കുറിച്ച് 21-ാം കിരീടമുയര്‍ത്തിയത്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …