കലഞ്ഞൂര്‍ മധു സിപിഎം നേതാക്കളുടെ സ്നേഹഭാജനം: ടാര്‍ മിക്സിങ് പ്ലാന്റിന് അനുകൂലം നേതാക്കള്‍ മാത്രം: പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പ്: ഏനാദിമംഗലത്തെ സേവ് സിപിഎം ഫോറം

18 second read

പത്തനംതിട്ട(കലഞ്ഞൂര്‍):ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്ന സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനും എന്‍എസ്എസ് അടൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധുവിന്റെ ബലം ജില്ലയിലെ സിപിഎം നേതാക്കള്‍ തന്നെ. പ്രദേശവാസികളായ സിപിഎമ്മുകാര്‍ പ്ലാന്റിനെ എതിര്‍ക്കുമ്പോള്‍ കരാറുകാരനൊപ്പം നില കൊള്ളുകയാണ് സിപിഎം ജില്ലാ-ഏരിയാ നേതൃത്വങ്ങള്‍. ഒരു മുഖ്യധാരാ മാധ്യമത്തിന്റെയും പിന്തുണ സമരക്കാര്‍ക്കില്ല. കലഞ്ഞൂര്‍ മധുവിന്റെ മാവനാല്‍ ഗ്രൂപ്പില്‍ നിന്ന് പരസ്യ ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റുന്നവരാണ് മാധ്യമങ്ങള്‍. ഇനി ചിലര്‍ വന്ന് സമരക്കാര്‍ക്കൊപ്പം ഒരു ന്യൂസ് ചെയ്ത് മധുവിന്റെ കൈയില്‍ നിന്ന് പരസ്യവും പണവും വാങ്ങി നാടുവിട്ടു.

മാധ്യമശ്രദ്ധ ഇവിടേക്ക് പതിയാത്തതിനാല്‍ സമരം സംസ്ഥാന ശ്രദ്ധ ആകര്‍ഷിക്കില്ല എന്നൊരു ഗുണം പ്ലാന്റ് മുതലാളിക്കും സിപിഎമ്മിന്റെ ജില്ലാ ഏരിയാ നേതാക്കള്‍ക്കുമുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ജില്ലാ നേതൃത്വവും മധുവിനൊപ്പമാണ് നില കൊള്ളുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് അവര്‍ എതിര്‍ത്തോ അനുകൂലിച്ചോ രംഗത്ത് വന്നിട്ടുമില്ല. പ്രാദേശിക രോഷം കണ്ട് ഇവര്‍ മിണ്ടാതെ ഇരിക്കുന്നുവെന്ന് വേണം കരുതാന്‍. സിപിഎം നേതൃത്വത്തില്‍ സേവ് ഏനാദിമംഗലം എന്നൊരു ഫേസ്ബുക്ക് കൂട്ടായ്മ രൂപീകരിച്ചാണ് സമരം നടക്കുന്നത്.

ഇതിനിടെ ഏനാദിമംഗലം പഞ്ചായത്തിലെ സിപിഎമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണ്. സേവ് ഏനാദിമംഗലം എന്നതിന് പുറമേ സേവ് സിപിഎം ഫോറം എന്നൊരു കൂട്ടായ്മയും രംഗത്തു വന്നിരിക്കുന്നു. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ബി രാജീവ്കുമാര്‍ എന്നിവര്‍ക്കെതിരേ സേവ് സിപിഎം ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരു നോട്ടീസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏനാദിമംഗലത്തെ എന്റെ പാര്‍ട്ടിയെ ആരു സംരക്ഷിക്കും എന്നു തുടങ്ങുന്ന നോട്ടീസില്‍ രൂക്ഷമായി ആക്രമിച്ചിരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിനെയും പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗവുമായ ആര്‍ബി രാജീവ് കുമാറിനെയുമാണ്. എന്റെ പാര്‍ട്ടി നേതൃത്വം പഞ്ചായത്തില്‍ ഈ പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണെന്ന് നോട്ടീസില്‍ പറയുന്നു.

സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരന്റെ നാട്ടില്‍ സ്വന്തം വാര്‍ഡ് കിട്ടിയില്ലെങ്കിലും ബാക്കിയെല്ലാം ഉണ്ടല്ലോ? അഹങ്കരിക്കരുതോ? കോണ്‍ഗ്രസ് പോലെ അഴിമതി വിശേഷം നടത്താവുന്ന ഒരു പാര്‍ട്ടിയില്‍ നിന്നും കാല്‍ക്കാശിന് വകയില്ലാതെ 15 വര്‍ഷം മുന്‍പ് ഈ പാര്‍ട്ടിയിലേക്ക് വന്ന ഒരാളെ ഇന്ന് ഈ നിലയില്‍ എത്തിക്കുന്നതിന് താങ്കള്‍ കാണിച്ച ആത്മാര്‍ഥത സമ്മതിക്കണം. അയാള്‍ക്ക് വാരിക്കോരി കൊടുത്തു. കോടികളുടെ ആസ്തി അയാള്‍ ഉണ്ടാക്കി. ഈ പാര്‍ട്ടിയില്‍ വേറെ ആരും ഇല്ലേ? അതെല്ലാം സഹിക്കാം ഇതിനെല്ലാം പുറമേ ഏനാദിമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ ഭാര്യയ്ക്ക് നിയമനം നല്‍കിയത് കഞ്ഞിക്ക് വകയില്ലാതെയായിട്ടല്ല.

പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച് മരിച്ച പ്രവര്‍ത്തകരുടെ മക്കള്‍ക്കോ ചെറുമക്കള്‍ക്കോ അവരുടെ ഭാര്യമാര്‍ക്കോ ആ ജോലി നല്‍കാമായിരുന്നു. ഇപ്പോഴും പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന യുവാക്കള്‍ക്ക് കൊടുക്കരുതായിരുന്നോ? എത്രയോ പേര്‍ ഇവിടെ തൊഴിലില്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. പ്രതികരിക്കണം സഖാക്കളേ എന്നിങ്ങനെ രൂക്ഷമായ ഭാഷയിലാണ് സേവ് സിപിഎം ഫോറത്തിന്റെ നോട്ടീസ് തുടരുന്നത്.

ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനുമായ കലഞ്ഞൂര്‍ മധുവിന്റെ ഉടമസ്ഥതയിലുള്ള ടാര്‍ മിക്‌സിങ് പ്ലാന്റ് ഏനാദിമംഗലത്ത് കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്നതിനെതിരേ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റി അടക്കം സമരത്തിലാണ്. പ്രാദേശിക ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വവും കൊടുമണ്‍ ഏരിയാ കമ്മറ്റിയും അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സേവ് സിപിഎം ഫോറം നോട്ടീസ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ടു പേരുമാണ് സമരം അട്ടിമറിക്കാനും ശ്രമിക്കുന്നത് എന്നാണ് ആരോപണം.

ഉറവിടവും നോട്ടീസ് വിതരണം ചെയ്തവരെ കണ്ടെത്തുന്നതിനുമായി പൊലീസില്‍ പരാതി നല്‍കി. മറ്റു കേസുകളൊക്കെ ഇത്തിരി താമസിച്ചാലും വേണ്ടില്ല സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേ നോട്ടീസടിച്ചവനെ കണ്ടെത്താന്‍ ഇറങ്ങിയ പൊലീസിന് ഇതുവരെ തൂമ്പൊന്നുമില്ല. ബൈക്കില്‍ നോട്ടീസ് വിതരണം ചെയ്തവരെ കുറിച്ച് സൂചന കിട്ടിയെങ്കിലും തെളിവില്ലാത്തതിനാല്‍ നടപടി എടുക്കാനും കഴിയുന്നില്ല.

ഈ നോട്ടീസിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കഴിഞ്ഞ ദിവസം കെപി ഉദയഭാനു സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് എന്നു വേണം കരുതാന്‍. പ്രാദേശിക നേതാക്കളെ കൈയിലെടുക്കാനാണ് പിന്തുണ പ്രഖ്യാപനം. രാജീവ് കുമാറിന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കിയത് ആണ് പ്രവര്‍ത്തകരില്‍ രോഷം ജനിപ്പിച്ചിരിക്കുന്നത്. അവരെ അടക്കി നിര്‍ത്താന്‍ വേണ്ടി ടാര്‍ മിക്സിങ് പ്ലാന്റിനെതിരായ സമരം ഉപയോഗിക്കുകയാണ് ജില്ലാ സെക്രട്ടറിയും രാജീവ് കുമാറും.

എന്‍എസ്എസ് അടൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റായ കലഞ്ഞൂര്‍ മധുവിന് കീഴിലെ ഒരു കരയോഗം പ്രസിഡന്റാണ് ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ്. ഇപ്പോള്‍ ടാര്‍ മിക്സിങ് പ്ലാന്റിനെതിരായ സമരത്തിന് മുന്നില്‍ പ്രസിഡന്റ് ഉണ്ട്. അദ്ദേഹത്തിന്റെ പിന്തുണ ആത്മാര്‍ഥമോ? അതേപ്പറ്റി നാളെ…

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…