പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനം: ഉദ്യോഗാര്‍ഥികള്‍ സമരപ്പന്തലിലേക്ക് കൈകുത്തി മുട്ടിലിഴഞ്ഞു

18 second read

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മന്ത്രിസഭായോഗം കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ പുറത്ത് അര്‍ഹതപ്പെട്ട ജോലിക്കായി സര്‍ക്കാരിനു മുന്നില്‍ മുട്ടിലിഴഞ്ഞു യാചനാസമരം നടത്തുകയായിരുന്നു ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റില്‍ നിന്നു 3 വനിതകള്‍ ഉള്‍പ്പെടെ 7 ഉദ്യോഗാര്‍ഥികള്‍ സമരപ്പന്തലിലേക്ക് കൈകുത്തി മുട്ടിലിഴഞ്ഞു. മറ്റുള്ളവര്‍ പിന്തുണയുമായി ഒപ്പം നടന്നു.

ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ ടാര്‍ പഴുത്ത റോഡില്‍ പലരുടെയും മുട്ടു പൊട്ടി ചോരയും നീരും കിനിഞ്ഞു. ആ വേദനയെക്കാള്‍ വലിയ ഹൃദയ വേദനയോടെ അവര്‍ പൊട്ടിക്കരഞ്ഞു. മുട്ടിലിഴയുന്നതിനിടെ മനു സോമന്‍, നാഗേഷ് എന്നിവര്‍ കുഴഞ്ഞുവീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. എം.സി.ജ്യോതി, രമ്യ, ദിവ്യശ്രീ, അനൂപ്, സജീഷ് എന്നിവരാണ് മുട്ടിലിഴഞ്ഞ മറ്റ് ഉദ്യോഗാര്‍ഥികള്‍.

”കുഞ്ഞിനു കോവിഡ് വരുമെന്നു പേടിച്ച് വീട്ടില്‍ നിന്നു പോലും പുറത്തിറങ്ങാതിരുന്ന ഞാന്‍ സഹികെട്ട് നെഞ്ചു നീറിയാണ് ഈ സമരത്തിനിറങ്ങിയത്. അനീതി മാത്രമല്ല, ഇപ്പോള്‍ അവഹേളനവും സഹിക്കേണ്ടി വരുന്നു. പഠിച്ച്, ജയിച്ച് റാങ്ക് ലിസ്റ്റില്‍ വന്നവരെയാണു രാഷ്ട്രീയക്കാരെന്നു പറഞ്ഞ് അവഹേളിക്കുന്നത്. ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്”- തിരുവനന്തപുരം ജില്ലയില്‍ 667-ാം റാങ്കുകാരിയായ എം.സി.ജ്യോതിയുടെ വാക്കുകള്‍.ഇങ്ങനെ ഹൃദയഭേദകമായിരുന്നു ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലെ കാഴ്ചകള്‍. സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ ഞായറാഴ്ച മുതല്‍ തറയില്‍ കിടന്നാണ് പ്രതിഷേധിക്കുന്നത്.

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് 221 താല്‍ക്കാലിക ജീവനക്കാരെക്കൂടി സ്ഥിരപ്പെടുത്തിയ മന്ത്രിസഭാ യോഗം പക്ഷേ ജോലിക്ക് അര്‍ഹരായവരുടെ സമരത്തെ വീണ്ടും കരുണയില്ലാതെ അവഗണിച്ചു. പ്രതീക്ഷയോടെ സമരപ്പന്തലില്‍ കാത്തിരുന്ന ഉദ്യോഗാര്‍ഥികളെ കൂടുതല്‍ വേദനിപ്പിച്ചതും അതായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …