ബി.ജെ.പി.യിലേക്ക് പുതിയ ആളുകളെ കൊണ്ടുവരാന്‍ കേരളനേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: പ്രധാനമന്ത്രി നരേന്ദ്രമോദി

18 second read

കൊച്ചി: ബി.ജെ.പി.യിലേക്ക് പുതിയ ആളുകളെ കൊണ്ടുവരാന്‍ കേരളനേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും പാര്‍ട്ടി ശക്തമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് നല്ല അഭിപ്രായമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കണം. താന്‍ ഇവിടെ കാണുന്നത് മുന്പു കണ്ടവരെത്തന്നെയാണ്. പുതിയവര്‍ വരണം -അദ്ദേഹം പറഞ്ഞു.

അത്തരം ആളുകളെ കണ്ടെത്തി അവരുമായി ചര്‍ച്ച നടത്തണം. അത്തരക്കാര്‍ ധാരാളമായി പാര്‍ട്ടിയിലേക്കു വന്നാലേ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനാവൂ. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നീക്കണം. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ് ജാഥ പേരുപോലെ വിജയിക്കുന്നതാവണം. ജാഥ ഓരോ ദിവസവും ചര്‍ച്ചാ കേന്ദ്രമാവണം. അതിനായി പുതിയവര്‍ ജാഥയിലേക്കു വരണം -മോദി പറഞ്ഞു.

സംഘടനാ അടിത്തറ വര്‍ധിപ്പിച്ചാല്‍ മാത്രമേ വിജയം നേടാന്‍ കഴിയൂ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തന്ത്രങ്ങള്‍ കോര്‍-കമ്മിറ്റി ചര്‍ച്ചചെയ്ത് ആവിഷ്‌കരിക്കണം. ഒറ്റക്കെട്ടായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും വേണം. നിയമസഭയില്‍ ബി.ജെ.പി.ക്ക് ശക്തമായ സാന്നിധ്യം ഉണ്ടായെങ്കില്‍ മാത്രമേ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കൂ. പ്രതീക്ഷയോടെയാണ് കേരളത്തിലെ നേതൃത്വത്തെ കാണുന്നത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ ജനങ്ങളില്‍ ചര്‍ച്ചയാവുന്നവിധം പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം. കേരളത്തില്‍ പാര്‍ട്ടിക്ക് മികച്ച പ്രവര്‍ത്തകരുണ്ട്. അവരെ നന്നായി ഉപയോഗിക്കണം. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചും ഗൃഹസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചും സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയണമെന്നും മോദി ആവശ്യപ്പെട്ടു.

വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുശേഷം വേദിക്കു പിന്നിലെത്തിയ പ്രധാനമന്ത്രി അവിടെവെച്ചാണ് കോര്‍കമ്മിറ്റി അംഗങ്ങളോടു സംസാരിച്ചത്. എല്ലാവരെയും പരിചയപ്പെട്ടശേഷം പതിനഞ്ച് മിനിറ്റോളം സംസാരിച്ചു. കേരളത്തിന്റെ അവസ്ഥകള്‍ ചോദിച്ചറിഞ്ഞു. താന്‍ വീണ്ടുംവരുമെന്നും അപ്പോള്‍ കാണണമെന്നും പറഞ്ഞാണ് അദ്ദേഹം യാത്രയായത്.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ മുന്‍ അധ്യക്ഷന്മാരും മുതിര്‍ന്നനേതാക്കളും കമ്മിറ്റിയില്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍ പ്രതിഷേധവുമായി നില്‍ക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ മോദിയെ സ്വീകരിക്കാന്‍ നാവിക വിമാനത്താവളത്തിലെത്തി. പാര്‍ട്ടി സംസ്ഥാനനേതൃത്വം നിയോഗിച്ചതനുസരിച്ചായിരുന്നു അത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …