ഒന്നാം വയസില്‍ വിഴുങ്ങിയ മോതിരം ശ്വാസനാളത്തില്‍ നിന്ന് പുറത്തെടുത്തത് 70-ാം വയസില്‍..!

18 second read

പത്തനംതിട്ട: ഒരു വയസുകാരന്റെ ശ്വാസ നാളത്തില്‍ മോതിരം കുടുങ്ങിയാല്‍ എന്താകും അവസ്ഥ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ മരണം നിശ്ചയം. എന്നാല്‍, ഒന്നാം വയസില്‍ ശ്വാസനാളത്തില്‍ കുടുങ്ങിയ മോതിരവുമായി ഒരാള്‍ ജീവിച്ചത് 69 വര്‍ഷമാണ്.

69 വര്‍ഷമാണ്. 70-ാം വയസില്‍ വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ മോതിരം കണ്ടെത്തി മുറിച്ചു മാറ്റി. വലിയൊരു തലവേദന ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പത്തനംതിട്ട വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലന്‍. രഘുവിന്റെ അതിജീവന കഥ മെഡിക്കല്‍ സയന്‍സിന് പോലും അത്ഭുതമാണ്. രഘുവിന്റെ ശ്വാസനാളത്തില്‍ നിന്ന് മോതിരം പുറത്തെടുത്ത ഡോക്ടര്‍മാര്‍ക്കും ഇത് ജീവിതത്തില്‍ ആദ്യത്തെ അനുഭവം. മുന്‍പെങ്ങും കേട്ടിട്ടുമില്ല, വായിച്ചിട്ടുമില്ല. മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജിബു കെ. ജോണ്‍, ഇഎന്‍ടി സ്പെഷലിസ്റ്റ് ഡോ. ഫ്രെനി എന്നിവരാണ് ഈ അത്യപൂര്‍വ നിമിഷത്തിന് സാക്ഷികളായതും രഘുഗോപാലിന്റെ തലവേദന ഒഴിവാക്കിയതും.

വിട്ടുമാറാത്ത തലവേദനയുമായി ആശുപത്രിയില്‍ അഡ്മിറ്റായ രഘുഗോപാലിനെ ഡോ. ജിബുവാണ് നോക്കിയിരുന്നത്. എല്ലാ പരിശോധനകളും പൂര്‍ത്തീകരിച്ചപ്പോഴും ഒരു ലക്ഷണവും കാണാതെ വന്നപ്പോഴാണ് തലയുടെ എംആര്‍ഐ സ്‌കാനിങിന് വിട്ടത്. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ശ്വാസനാളത്തില്‍ ഒരു ലോഹവസ്തു പിണഞ്ഞിരിക്കുന്നത് കണ്ടു. അറിയാതെ എപ്പോഴെങ്കിലും ഒരു ലോഹം ഉള്ളില്‍ ചെന്നിട്ടുണ്ടോയെന്ന് ഡോക്ടര്‍ രഘുവിനോട് ചോദിച്ചു. തന്റെ ഓര്‍മയില്‍ അങ്ങനെ ഒന്നു നടന്നിട്ടില്ല എന്നായിരുന്നു ആദ്യം അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് ബാല്യത്തില്‍ താന്‍ മോതിരം വിഴുങ്ങിയ കഥ മാതാപിതാക്കള്‍ പലപ്പോഴും പറഞ്ഞിരുന്നത് രഘുവിന്റെ ഓര്‍മയില്‍ വന്നത്.

രഘുഗോപാലന് ഒരു വയസുള്ളപ്പോള്‍ വീട്ടിലുള്ള ആഭരണങ്ങള്‍ മാതാവ് കഴുകുകയായിരുന്നു. ഈ സമയം രഘുവും അവര്‍ക്കൊപ്പം കൂടി. കൂട്ടത്തില്‍ ഒരു മോതിരം എടുത്ത് ഭംഗി നോക്കുകയും കൈ വിരലില്‍ ഇടുകയും ചെയ്തു. അയഞ്ഞു കിടന്ന മോതിരം കൈയില്‍ നിന്ന് അബദ്ധത്തില്‍ വായിലേക്ക് വീണു. ഇതു കണ്ട മാതാപിതാക്കള്‍ ആദ്യം അണ്ണാക്കില്‍ വിരലിട്ട് തപ്പി നോക്കി. കിട്ടാതെ വന്നപ്പോള്‍ ചോറ് ഉരുളയാക്കിയും പഴം മുറിച്ചും വിഴുങ്ങിച്ചു. അതിന് ശേഷം കുഞ്ഞിന് അസ്വസ്ഥത ഒന്നുമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ ആശ്വസിച്ചു. മോതിരം പുറത്തേക്ക് പോയെന്നാണ് അവര്‍ കരുതിയിരുന്നത്. ഡോ. ജിബു, ഇഎന്‍ടി സ്പെഷലിസ്റ്റ് ഡോ. ഫ്രെനിയുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് മോതിരം പുറത്തെടുത്തത്. എന്‍ഡോസ്‌കോപ്പി ചെയ്തു കൊണ്ടായിരുന്നു ഇത്. എന്തെങ്കിലും ഒരു അന്യവസ്തു മൂക്കില്‍ കുടുങ്ങിയാല്‍ അതിന്റെ അസ്വസ്ഥത ആ രോഗിക്ക് ഉണ്ടാകേണ്ടതാണെന്ന് ഡോ. ഫ്രെനി പറഞ്ഞു. മൂക്കില്‍ നിന്ന് വെള്ളമെടുക്കുകയോ പഴുപ്പുണ്ടാവുകയോ ദുര്‍ഗന്ധം വമിക്കുകയോ ചെയ്യണം. ഇവിടെ അതൊന്നുമുണ്ടായിട്ടില്ലെന്നത് അതിശയമാണ്.

ഇങ്ങനെ ഒരു ലക്ഷണവും ഇല്ലാതെ വന്നപ്പോള്‍ ഇത് എന്താണെന്ന് അറിയാനുള്ള ഒരു ആകാംക്ഷ ഡോക്ടര്‍മാര്‍ക്കുമുണ്ടായി. എന്‍ഡോസ്‌കോപ്പിയില്‍ വൃത്താകൃതിയിലുള്ള വസ്തു ശ്വാസനാളത്തിലുണ്ടെന്ന് തെളിഞ്ഞു. മേലണ്ണാക്കിന്റെ വലതു ഭാഗത്തായിട്ടാണ് ഇത് കണ്ടത്. മൂക്കിനുള്ളിലൂടെ പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചത്. ലോഹവസ്തു വലുതായതിനാല്‍ അതിന് കഴിഞ്ഞില്ല. ഒരു വശത്തേക്ക് മാറി, മരത്തില്‍ വള്ളി ചുറ്റിയിരിക്കുന്നതു പോലെ മാംസത്തില്‍ ഉറച്ചായിരുന്നു റിങ് ഇരുന്നത്. ഒന്നാം വയസില്‍ തൊണ്ടയില്‍ മോതിരം കുടുങ്ങിയപ്പോള്‍ പുറത്തെടുക്കാന്‍ അണ്ണാക്കില്‍ കൈ കടത്തി പരതുന്നതയിനിടെ അത് മേലണ്ണാക്കിലേക്ക് കയറിപ്പോയിരിക്കണം. അത് ആ ഭാഗത്ത് കുടുങ്ങുകയും അവിടെ സ്ഥിരമായി ഇരിക്കുകയും ചെയ്തത് ആകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. കാലക്രമേണെ അതിന് മുകളില്‍ മാംസം വന്ന് മൂടി. മൂക്കില്‍ അന്യ വസ്തു ഇരിക്കുന്നതിന്റെ അസ്വസ്ഥതയൊന്നും രഘുവിനുണ്ടാകാതിരുന്നതും ഇതു മൂലമാകാമെന്ന് ഡോ. ഫ്രെനി പറഞ്ഞു. മെറ്റല്‍ കട്ടര്‍ വായിലൂടെ കടത്തി മോതിരം മുറിച്ച് പുറത്തേക്ക് എടുക്കുകയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …