കൊല്ലം: കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും കോണ്‍ഗ്രസും തുറന്ന പോരിലേക്ക്. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വസതിയിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പിന്നാലെ വൈകിട്ട് ചവറയില്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
വാഹനം തടയാന്‍ ശ്രമിച്ചവരെ ഗണേഷ്‌കുമാറിന്റെ പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു. കല്ലെറിഞ്ഞ 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സ്റ്റേഷനിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി.