മെല്‍ബണ്‍: സാന്താക്ലോസ് കണ്‍മുന്നിലെത്തിയാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ഒരൊറ്റക്കാര്യമേ ചോദിക്കാനുണ്ടാകൂ: ‘2-ാം ടെസ്റ്റില്‍ ഞങ്ങളെ കാത്തോളണമേ…’ ഒന്നാം ടെസ്റ്റില്‍ എട്ടുനിലയില്‍ പൊട്ടിയതിന്റെ ക്ഷീണം മാറ്റാന്‍ നാളെ ‘ബോക്‌സിങ് ഡേ’ ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനായി രഹാനെ മറ്റെന്തു ചോദിക്കാനാണ്… ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ 2-ാം ടെസ്റ്റിനു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെ തുടക്കം. ക്രിസ്മസ് പിറ്റേന്നു പുലര്‍ച്ചെ 5 മുതല്‍ സോണി ചാനലുകളില്‍ കളി തല്‍സമയം കാണാം.
ക്രിസ്മസ് പടക്കംപോലെ ഒന്നാം ടെസ്റ്റില്‍ അതിവേഗം പൊട്ടിത്തീര്‍ന്ന ഇന്ത്യ വെല്ലുവിളികളുടെ കൂടാരത്തിലാണ്. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയിലേക്കു മടങ്ങി. കൈക്കുഴയ്ക്കു പൊട്ടലേറ്റ പേസര്‍ മുഹമ്മദ് ഷമിക്കു കളിക്കാനുമാവില്ല. താല്‍ക്കാലിക ക്യാപ്റ്റന്‍ രഹാനെയ്ക്കു മുന്നില്‍ പ്രശ്‌നങ്ങള്‍ മലപോലെ നില്‍ക്കുകയാണ്. ടീം അഴിച്ചുപണിയിലാണ് ഇനി പ്രതീക്ഷ. കോലിക്കു പകരം കെ.എല്‍.രാഹുലും പൃഥ്വി ഷായ്ക്കു പകരം ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയ്ക്കു പകരം ഋഷഭ് പന്തും വന്നാല്‍ ബാറ്റിങ് നിരയ്ക്കു കരുത്തുകൂടിയേക്കും. ഷമിക്കു പകരം മുഹമ്മദ് സിറാജ് അരങ്ങേറ്റം നടത്താനാണു സാധ്യത. ഫിറ്റ്‌നസ് പരിശോധന പാസായാല്‍ രവീന്ദ്ര ജഡേജയും കളിക്കും. ജഡേജ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നു.