പിരിച്ചെടുത്ത ഫണ്ട് മുക്കിയെന്ന പരാതിയിന്മേല്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെതിരേ കെപിസിസി അന്വേഷണം

17 second read

പത്തനംതിട്ട: പിരിച്ചെടുത്ത ഫണ്ട് മുക്കിയെന്ന പരാതിയിന്മേല്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെതിരേ കെപിസിസി അന്വേഷണം നടത്തും. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സജി ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ഥാനാര്‍ഥികളില്‍ നിന്ന് ചിഹ്നത്തിന് കെപിസിസി ഫണ്ടെന്ന പേരില്‍ വാങ്ങിയ തുകയില്‍ 60 ലക്ഷം ഡിസിസി പ്രസിഡന്റ് സ്വന്തം പോക്കറ്റിലാക്കിയെന്നാണ് പരാതി.

ചിഹ്നം അനുവദിക്കാന്‍ സ്വന്തം നിലയില്‍ വന്‍ തോതില്‍ ബാബു ജോര്‍ജ് പണം പിരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ത്രിതല പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളില്‍ നിന്നായി 5000 മുതല്‍ 10,000 രൂപ വരെയാണ് തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരില്‍ ഡിസിസി പിരിച്ചത്. 1200 ല്‍ അധികം സ്ഥാനാര്‍ഥികള്‍ക്കാണ് ചിഹ്നം അനുവദിച്ചത്. ഈ വിധത്തില്‍ 70 ലക്ഷം സമാഹരിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥി സംഗമത്തിനായി ജില്ലയില്‍ വന്നപ്പോള്‍ കെപിസിസി അഞ്ച് ലക്ഷവും വിക്ഷണം പത്രത്തിന്റെ വരിസംഖ്യയായി അഞ്ചു ലക്ഷവും മാത്രമാണ് നല്‍കിയത്. കെപിസിസിക്ക് കൊടുക്കേണ്ടിയിരുന്നത് 40 ലക്ഷം രൂപയായിരുന്നു. അതില്‍ അഞ്ചു ലക്ഷം മാത്രം നല്‍കിയതില്‍ ക്ഷുഭിതനായിട്ടാണ് അന്ന് മുല്ലപ്പളളി മടങ്ങിയതെന്നും പറയുന്നു.

ഈ കൊടുത്തതിന്റെ ബാക്കി 60 ലക്ഷം ഡിസിസി പ്രസിഡന്റ് സ്വന്തം പോക്കറ്റിലാക്കിയോ എന്ന് അന്വേഷിക്കണമെന്നാണ് പരാതി. ഇത്ര വലിയ തുക പിരിച്ചെടുത്തിട്ടും പട്ടികജാതിക്കാരും ദുര്‍ബലരുമായ സ്ഥാനാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ഡിസിസി നല്‍കിയില്ലെന്ന് പിജെ കുര്യനും രാഷ്ട്രീയ കാര്യ സമിതിയില്‍ ആരോപിച്ചിരുന്നു. ഇതിനിടെ ബാബു ജോര്‍ജിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബാബു ജോര്‍ജിനെ നീക്കണമെന്ന് ഒരു കൂട്ടം ഭാരവവാഹികള്‍ നിവേദനം നല്‍കിയിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജില്ലയില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറാന്‍ ഡിസിസി നേതൃത്വത്തിന് കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ അന്വേഷണ വിഷയമാക്കണമെന്നാണ് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു.

ഇതിന് പുറമേ നേതൃമാറ്റം ആവശ്യപ്പെട്ട് നിരവധി നേതാക്കളും പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനും യുഡിഎഫിനും ശക്തമായ വേരോട്ടമുള്ള ജില്ലയില്‍ ഇത് ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും നിലവിലെ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്ന ആക്ഷേപവും ഇവര്‍ പങ്കു വച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ പേരില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നത് പോലെ ത്രിതല പഞ്ചായത്ത് സീറ്റുകളും പങ്കിട്ടെടുത്തത് പലയിടത്തും പരാജയത്തിന് കാരണമായി. പലരെയും പരാജയപ്പെടുത്താന്‍ ജില്ലാ നേതൃത്വത്തില്‍ ഉള്ളവര്‍ തന്നെ പരസ്യമായും രഹസ്യമായും ഇറങ്ങി. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഇവര്‍ നടത്തിയ വിമത പ്രവര്‍ത്തനം കണ്ടില്ലെന്ന നിലപാടും ജില്ലാ നേതൃത്വം സ്വീകരിച്ചതായും പരാതിയുണ്ട്.

നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ സ്ഥാനാര്‍ഥികളില്‍ നിന്നും സംഭാവന ശേഖരിച്ചതും ഘടക കക്ഷി വാര്‍ഡുകളില്‍ കൈപ്പത്തി ചിഹ്നം അനുവദിച്ചതും പാര്‍ട്ടിക്ക് ഗുണകരമായില്ലെന്ന് നേതാക്കള്‍ പറയുന്നു. ജില്ലയില്‍ എണ്ണൂറോളം പേര്‍ക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചിരുന്നു. ഇതിലൂടെ വലിയ തുകയാണ് ശേഖരിച്ചത്. ഇതിന് നിര്‍വാഹക സമിതി അംഗീകാരം നല്‍കിയിരുന്നില്ല. അയ്യായിരവും
രണ്ടായിരത്തി അഞ്ഞൂറുമാണ് ഇത്തരത്തില്‍ സംവരണേതര,സംവരണ സ്ഥാനാര്‍ഥികളില്‍നിന്നും വാങ്ങിയത്. സീറ്റിനായി വരുന്നവരോട് എല്ലാം ആദ്യം പണമടക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. പണം അടച്ച പലര്‍ക്കും പിന്നീട് സീറ്റ് ലഭിക്കാതെയും പോയി. ഇവരില്‍ മിക്കവരും പിന്നീട് വിമത സ്ഥാനാര്‍ഥികളായി. ഇവരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താനോ പിന്‍വലിപ്പിക്കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല. പലയിടത്തും ഒളിച്ചു കളിയാണ് നടത്തിയത്. ഒരേ വാര്‍ഡില്‍ ഒരു ഭാഗത്തു ജാതി മത നേതാക്കളെ പ്രീണിപ്പിക്കാന്‍ശ്രമിച്ചപ്പോള്‍ പലയിടത്തും സാധാരണ പ്രവര്‍ത്തകരെ തഴയുകയാണ് ഉണ്ടായത്. നിലവിലെ പാളിച്ചകള്‍ കണ്ടെത്തി പരിഹരിക്കുന്നില്ലെങ്കില്‍ വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിലും അവസ്ഥക്ക് മാറ്റം ഉണ്ടാകില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഒന്നിലധികം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതും പലതവണ സ്ഥാനാര്‍ഥി പട്ടിക തിരുത്തിയതും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ അതൃപ്തി ഉളവാക്കി.

പ്രാദേശിക പ്രവര്‍ത്തകരുടെയും ഭാരവാഹികളുടെയും വികാരം ഉള്‍കൊള്ളാനും പലപ്പോഴും ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. ജില്ലാ ഭാരവാഹികളില്‍ മിക്കവരും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചതോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആളില്ലാത്ത അവസ്ഥയും സംജാതമായി. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും സേവനവും ഇക്കാര്യങ്ങളില്‍ തേടുന്നതില്‍ ഇവര്‍ പരാജയപ്പെട്ടതായും അഭിപ്രായമുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …