വേറൊരാളുടെ പേരിലുള്ള ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തി: ഓട്ടോ തിരികെ വാങ്ങിയതിലുള്ള പകയുടെ പേരില്‍ ഉടമയെ വാഹനം തടഞ്ഞ് ആക്രമിച്ചു: തൊട്ടു പിന്നാലെ ഉടമയ്ക്കെതിരേ കള്ളക്കേസും

19 second read

മല്ലപ്പള്ളി: യഥാര്‍ഥ ഉടമ അറിയാതെ ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തി. വിവരം അറിഞ്ഞ ഉടമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ഓട്ടോ തിരികെ വാങ്ങി. ഇതിലുള്ള വിരോധം തീര്‍ക്കാന്‍ ഉടമയെ വാഹനം തടഞ്ഞ് അക്രമിച്ച ശേഷം കള്ളക്കേസും കൊടുത്തു. തങ്ങള്‍ ഉദ്ദേശിച്ച പോലെ കേസെടുത്തില്ലെന്ന് കണ്ടപ്പോള്‍ പൊലീസിനെതിരേ പത്രസമ്മേളനവും നടത്തി. ആനിക്കാട് വടക്കേ മുറിയില്‍ കാഞ്ഞിരത്തുംമൂട്ടില്‍ കെ.കെ. ശ്രീജേഷ്‌കുമാറാണ് (ഉത്തമന്‍ 37) തന്നെ മണ്ണുമാഫിയ നേതാവായ കുട്ടന്‍ എന്നയാള്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് പത്രസമ്മേളനം നടത്തിയത്. ഇയാളുടെ പ്രസ്താവനയില്‍ പൊരുത്തക്കേട് തോന്നി നടത്തിയ അന്വേഷണത്തിലാണ് വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കാരണം മനസിലായത്.

ശ്രീജേഷിന്റെ പരാതി ഇങ്ങനെ:

മണ്ണുകടത്തിനു കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ കുട്ടന്‍ തന്നെ ക്രൂരമായി മര്‍ദിച്ചു. അക്രമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്ഥലത്തെ മണ്ണുകടത്ത്, വിവിധ ആക്രമണക്കേസുകള്‍ എന്നിവയില്‍ ബന്ധമുള്ളയാളാണ് പ്രതി. നിരവധി പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുണ്ടാലിസ്റ്റില്‍ പെടുത്തി ഇയാള്‍ക്കെതിരെ നടപടി എടുക്കാമെന്നിരിക്കെ പ്രതിയെ രക്ഷപെടുത്താന്‍ കീഴ്വായ്പൂര് പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. കൂലിപ്പണിക്കാരനായ തന്നെ വീടിനു സമീപത്തു വച്ച് കഴിഞ്ഞ അഞ്ചിനു രാത്രി 11 ഓടെയാണ് ആക്രമിച്ചത്. കമ്പിവടിയും വടിവാളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ തലയ്ക്കും ശരീരഭാഗങ്ങളിലും മുറിവേറ്റു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം അക്രമിയെ കസ്റ്റഡിയിലെടുത്തെങ്കിലും വാഹനം മാത്രം പിടിച്ചെടുത്ത് പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് നിസാരവകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

ഇനി പൊലീസിന് പറയാനുള്ളത് കേള്‍ക്കാം:

ശ്രീജേഷിന്റെ ആരോപണം കീഴ്വായ്പൂര്‍ പൊലീസ് നിഷേധിക്കുകയാണ്. കേസിലെ പ്രതിയായ കുട്ടനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടന്റെ വാഹനം തടഞ്ഞ് ശ്രീജേഷ് അടക്കം മൂന്നു പ്രതികള്‍ മര്‍ദിച്ചതിന് മറ്റൊരു കേസും പൊലീസ് കേസെടുത്തിട്ടുണ്ട്. അയാള്‍ തിരിച്ചു തല്ലിയപ്പോഴാണ് ശ്രീജേഷന് പരുക്കേറ്റത്. സംഭവം നടന്ന് ഒരു മണിക്കൂറിനകം പൊലീസ് ആശുപത്രിയിലെത്തി ശ്രീജേഷിന്റെ മൊഴി എടുക്കുകയും കുട്ടനെഅറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിട്ടുണ്ട്.

കുട്ടന്‍ പറയുന്നു: ഓട്ടോറിക്ഷ തിരികെ വാങ്ങിയതിന്റെ പ്രതികാരം

ശ്രീജേഷിന്റെ സഹോദരന്‍ ഗോപിനാഥന്‍ തനിക്കൊപ്പം മണ്ണെടുക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. അങ്ങനെയിരിക്കേ താനൊരു ഓട്ടോറിക്ഷ വാങ്ങി. ഇത് വെറുതേ കിടക്കുന്നത് കണ്ട് ഗോപിനാഥന്‍ ഇത് താന്‍ ഓടിച്ചോട്ടെ എന്നു ചോദിച്ചു. ഒരു ചെറുപ്പക്കാരന് ഒരു തൊഴിലാകട്ടെ എന്നു കരുതി വിട്ടു കൊടുത്തു. കുറേ നാള്‍ കഴിഞ്ഞപ്പോഴാണ് ഇവര്‍ ഓട്ടോറിക്ഷയില്‍ തണ്ണിത്തോട് ഭാഗത്ത് നിന്ന് കാട്ടിറച്ചി കൊണ്ടു വില്‍ക്കുന്നുവെന്ന് തനിക്ക് അറിവു കിട്ടിയത്. ഇങ്ങനെ ഇറച്ചിയുമായി വരുന്ന വഴിയില്‍ പിടിയിലായാല്‍ എന്തു ചെയ്യുമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ഓട്ടോയും കളഞ്ഞ് തങ്ങള്‍ സ്ഥലം വിടുമെന്നായിരുന്നു ഗോപിനാഥന്റെ മറുപടി. ഈ വിവരം മറ്റൊരാള്‍ പറഞ്ഞ് താന്‍ അറിഞ്ഞു. ഓട്ടോയില്‍ ഇറച്ചി കടത്തി പിടിയിലാവുകയും ഓടിച്ചിരുന്നവര്‍ രക്ഷപ്പെടുകയും ചെയ്താല്‍ ആര്‍സി ഓണറായ താന്‍ ചെയ്യാത്ത കുറ്റത്തിന് പിടിയിലാകും. ഇക്കാരണം കൊണ്ടു തന്നെ ഓട്ടോറിക്ഷ തിരികെ ചോദിച്ചു. തിരികെ നല്‍കാന്‍ ഗോപിനാഥന്‍ മടി കാണിച്ചു. തുടര്‍ന്ന് കീഴ്വായ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയാണ് ഓട്ടോറിക്ഷ തിരികെ വാങ്ങിയത്. അന്നു മുതല്‍ ഗോപിനാഥനും സഹോദരങ്ങളുമായ ശ്രീജേഷും ലതേഷ്‌കുമാറും നിരന്തരം തന്നെ അസഭ്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു വരികയായിരുന്നു. അപ്പോഴൊക്കെ താനൊഴിഞ്ഞു മാറി. സംഭവം ദിവസം താന്‍ പുതുതായി എടുത്ത ബൊലേറോ ജീപ്പില്‍ വരികയായിരുന്നു. ഈ സമയം ആനിക്കാട് അമ്പലത്തിന് സമീപം നില്‍ക്കുകയായിരുന്നു ശ്രീജേഷും സഹോദരങ്ങളും. താന്‍ പാസ് ചെയ്ത് പോരുന്നത് കണ്ട് ഇവര്‍ പിന്നാലെ കൂടി. വലിയ റബര്‍ കമ്പ് ഉപയോഗിച്ച് ഇവര്‍ വാഹനത്തിലും തന്റെ തലയിലും അടിച്ചു. താന്‍ ഡോര്‍ തുറന്ന് ഇറങ്ങിയതോടെ മൂന്നുപേരും ചേര്‍ന്ന് തന്നെ മര്‍ദിച്ചു. മൂവരും നന്നായി മദ്യപിച്ചിരുന്നു. പിടിവലിയും ഉന്തും തള്ളുമുണ്ടായി തങ്ങള്‍ റോഡില്‍ വീണ് ഉരുണ്ടു. അങ്ങോട്ടുമിങ്ങോട്ടും അടിയും നടന്നു. അങ്ങനെയാണ് ശരീരത്തില്‍ മുറിവുണ്ടായത്. നാട്ടുകാര്‍ വിവരം കൊടുത്തത് അനുസരിച്ച് പൊലീസ് വന്നു. തന്റെ വണ്ടിയില്‍ മാരകായുധം ഉണ്ടെന്ന് ഇവര്‍ ആരോപിച്ചു. പൊലീസ് അരിച്ചു പെറുക്കിയിട്ടും ഒന്നും കിട്ടിയില്ല.

പൊലീസിനോട് നടന്ന സംഭവം പറഞ്ഞു. അവര്‍ക്ക് കാര്യം മനസിലായി. തന്നെ ഗുണ്ടാലിസ്റ്റിലാക്കി പൂട്ടണമെന്നത് ചിലരുടെ ആഗ്രഹമാണ്. ഇവരെ ഉപയോഗിച്ച് ചിലര്‍ കളി നടത്തുന്നുണ്ട്. സമാധാന പരമായി ജീവിക്കുന്നയാളാണ് താന്‍. തന്നോട് വഴക്കിന് വരേണ്ട ഒരു കാര്യവും ശ്രീജേഷിനും സഹോദരനുമുണ്ടായിരുന്നില്ല.

മര്‍ദനക്കേസ് സിപിഎമ്മിലെ
ഗ്രൂപ്പിസത്തിന്റെ ഭാഗം

അന്വേഷണത്തില്‍ ഒരു കാര്യം കൂടി വ്യക്തമായി. സിപിഎമ്മിലെ ഗ്രൂപ്പിസമാണ് അക്രമത്തിന് കാരണം. സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിന് വേണ്ടപ്പെട്ടയാളായ കുട്ടനെ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എതിര്‍ഭാഗം നടത്തുന്ന കളികളുടെ ഭാഗമാണ് ഇപ്പോഴുള്ള പരാതിയും മറ്റുമെന്ന് പറയുന്നു. സംഘട്ടനം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പൊലീസ് എടുത്ത മൊഴിയനുസരിച്ചാണ് കേസെടുത്തത്. മൊഴി മാറ്റിപ്പറയാന്‍ ശ്രീജേഷിനും കൂട്ടര്‍ക്കുമായിട്ടില്ല. ഇതനുസരിച്ചുള്ള വകുപ്പിട്ടാണ് പൊലീസ് കേസെടുത്തിട്ടുള്ളതും. ഇതു കാരണം കുട്ടനെതിരേ ജാമ്യമില്ലാ വകുപ്പിടാനും സാധിക്കാതെ വന്നിട്ടുണ്ട്.

 

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …