രണ്ട് അഭിഭാഷകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാരണം ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പെന്ന്

16 second read

പത്തനംതിട്ട: രണ്ട് അഭിഭാഷകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്ക പട്ടിക വിപുലമായതിനാല്‍ ജില്ലാ ആസ്ഥാനത്തെ കോടതികള്‍ അടച്ചിടേണ്ട അവസ്ഥ. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശം മറി കടന്ന് നടത്തിയ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം നടന്ന സല്‍ക്കാരമാണ് ചതിച്ചതെന്നാണ് ഒരു വിഭാഗം അഭിഭാഷകര്‍ പറയുന്നത്. സല്‍ക്കാരത്തില്‍ പങ്കു കൊണ്ട രണ്ടു അഭിഭാഷകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ട സാഹചര്യവും സംജാതമായിരിക്കുകയാണ്.

കഴിഞ്ഞ 29 ന് ബാര്‍ അസോസിയേഷന്‍ ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയായിരുന്നു വോട്ടിങ് നടന്നത്. വോട്ടിങ് പുരോഗമിക്കുമ്പോഴും കഴിഞ്ഞതിന് ശേഷവും നടന്ന സല്‍ക്കാരമാണ് വിനയായിരിക്കുന്നത്. നൂറിലേറെപ്പേര്‍ ഉണ്ടായിരുന്നു സല്‍ക്കാരത്തിന്. ഇതില്‍ പങ്കു കൊണ്ട രണ്ട് അഭിഭാഷകര്‍ക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതില്‍ ഒരാള്‍ പോകാത്ത സ്ഥലങ്ങളില്ല എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വയോധികരും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരുമായ നിരവധി അഭിഭാഷകര്‍ സല്‍ക്കാരത്തില്‍ പങ്കു കൊണ്ടിരുന്നു. ഓഗസ്റ്റ് 14 നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കെ. ജേക്കബ് വര്‍ഗീസായിരുന്നു റിട്ടേണിങ് ഓഫീസര്‍.

കാര്യങ്ങള്‍ ഒക്കെ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴും തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതിക്ക് ഡിഎംഓയെ സമീപിച്ചിരുന്നില്ല. സെപ്റ്റംബര്‍ എട്ടിനാണ് ഇതു സംബന്ധിച്ച് ഡിഎംഓയ്ക്ക് റിട്ടേണിങ് ഓഫീസര്‍ കത്തു നല്‍കിയത്. ഇതിന് മറുപടി 18 ന് ഡിഎംഓ നല്‍കി. കോവിഡ് നിരക്ക് അനുദിനം വര്‍ധിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് അടുത്ത ആറാഴ്ച കഴിഞ്ഞ് നടത്തുന്നതാകും ഉചിതമെന്നായിരുന്നു ഡിഎംഓയുടെ നിര്‍ദേശം. ഇത് മറികടക്കാന്‍ വേണ്ടി അസോസിയേഷന്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചതായും പറയുന്നു.

രണ്ട് അഭിഭാഷകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ശേഷിച്ചവരും അങ്കലാപ്പിലായി. തെരഞ്ഞെടുപ്പില്‍ പങ്കെടുത്തവര്‍ക്കല്ല, സല്‍ക്കാരത്തിന് പോയവര്‍ക്കാണ് രോഗമെന്നാണ് അഭിഭാഷകര്‍ ഇപ്പോള്‍ പറയുന്നത്. ബാര്‍ അസോസിയേഷന്‍ ഗ്രൂപ്പില്‍ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച പുരോഗമിക്കുകയാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി അഭിഭാഷകര്‍ ക്വാന്റീനില്‍ പോകേണ്ടി വരും. സ്ഥിതി ഗുരുതരമായിരിക്കെ ജില്ലയില്‍ കോടതിയുടെ പ്രവര്‍ത്തനം മുടങ്ങാന്‍ ഇടയുണ്ട്. കോവിഡ് വ്യാപന സാഹചര്യം ആയതിനാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പു വേണ്ടെന്ന ഒരു ഭാഗം അഭിഭാഷകരുടെ എതിര്‍പ്പും മറികടന്നായിരുന്നു വോട്ടിങ് നടത്തിയത്. തെരഞ്ഞെടുപ്പു നടത്തിയതില്‍ പൊലീസിലും അതൃപ്തിയുണ്ട്. ഡിഎംഓയുടെ നിര്‍ദേശം നിലനില്‍ക്കെ തെരഞ്ഞെടുപ്പ് നടത്താന്‍ ആര് അനുമതി നല്‍കിയെന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിവാദമുണ്ട്. 332 അഭിഭാഷകരാണ് വോട്ട് ചെയ്തത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …