കലക്ടര്‍ പിബി നൂഹിനെ അതിമാനുഷനായി ചിത്രീകരിച്ചുള്ള ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു

16 second read

പത്തനംതിട്ട: ജില്ലാ കലക്ടര്‍ പിബി നൂഹിനെ അതിമാനുഷനായി ചിത്രീകരിച്ചുള്ള ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു. പത്തനംതിട്ടക്കാര്‍ക്ക് പ്രളയത്തെ പേടിയില്ല, കാരണം ഞങ്ങള്‍ക്ക് നോഹയും ഗോഫര്‍ മരവുമുണ്ട്, ഡാമുകള്‍ നേരത്തേ തുറന്ന് ജലനിരപ്പ് ക്രമപ്പെടുത്തി ജില്ലയെ രക്ഷിച്ചു എന്നിങ്ങനെയുള്ള വാഴ്ത്തുകളാണ് നിറയുന്നത്. അതിനെതിരേ ശക്തമായ വിമര്‍ശനവും സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു. സ്വന്തമായി ട്രോള്‍ ഗ്രൂപ്പുള്ള ഏക കലക്ടര്‍, പിആര്‍ വര്‍ക്ക് സര്‍ക്കാാര്‍ ചെലവില്‍ നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. 2018 ലെ മഹാ പ്രളയത്തിന് മുന്‍പാണ് പിബി നൂഹ് ജില്ലാ കലക്ടര്‍ ആയി സ്ഥാനമേറ്റത്. ആ പ്രളയം കൈകാര്യം ചെയ്യുന്നതില്‍ വന്‍ വീഴ്ചയാണ് അന്ന് നൂഹിന്റെ ഭാഗത്ത് നിന്നുണ്ടായത്. നാട്ടുകാരെ അറിയിക്കാതെ അര്‍ധരാത്രി ഡാം തുറന്നു വിട്ടതായിരുന്നു അതില്‍ ഏറ്റവും പ്രധാനം. അന്ന് സ്ഥിതിഗതികള്‍ കൈവിട്ടു പോവുകയും മുന്‍കലക്ടറും കുടുംബശ്രീ ഡയറക്ടറുമായ എസ്. ഹരികിഷോറിനെ ഇവിടേക്ക് സ്പെഷല്‍ ഓഫീസര്‍ ആയി സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു. ഹരികിഷോറിന്റെ ഭാവനാപൂര്‍ണമായ പദ്ധതികളായിരുന്നു പിന്നീട് പിടിച്ചു നില്‍ക്കാന്‍ ജില്ലയെ സഹായിച്ചത്. കലക്ടര്‍ അമ്പേ പരാജയപ്പെട്ടെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചാരണവും ഉയര്‍ന്നു. പ്രളയാനന്തരം കണ്ടത് പുതിയൊരു നൂഹിനെയായിരുന്നു.

തന്നെ പഴി ചാരിയ സോഷ്യല്‍ മീഡിയ വഴി തന്നെ കലക്ടര്‍ വാഴ്ത്തപ്പെട്ടു. ശക്തമായ പ്രമോഷന്‍ വര്‍ക്ക് തന്നെ ഇതിനായി നടന്നു. പ്രമോഷന്‍ ടീമും ഉണ്ടായി. ട്രോള്‍ ഗ്രൂപ്പ് വരെ കലക്ടറെ വാഴ്ത്താന്‍ വേണ്ടി ഉദയം ചെയ്തു. ദൃശ്യമാധ്യമങ്ങള്‍ കൂടി വാഴത്തല്‍ ഏറ്റെടുത്തതോടെ അദ്ദേഹം അതിമാനുഷനായി. ഇക്കുറി പ്രളയം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ഡാമിലെ ജലനിരപ്പ് ക്രമീകരിച്ചതോടെ കലക്ടര്‍ ഹിറോയായി. എന്നാല്‍, ഈ ഹീറോയിസം കണ്ണിന് പിടിക്കാത്ത ചില കൂട്ടരുണ്ട്. അവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തുണ്ട്. മാധ്യമങ്ങള്‍ ഒന്നും എതിരേ എഴുതാത്തതു കൊണ്ട് ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയ തന്നെ ആയുധമാക്കുന്നു. കലക്ടര്‍ തള്ളുകള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം കൊണ്ട് തടയണ തീര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്.

വാട്സാപ്പില്‍ പ്രചരിക്കുന്ന അത്തരമൊരു വിമര്‍ശനത്തിന്റെ സാമ്പിള്‍ ഇതാ:
പി.ആര്‍ വര്‍ക്കുകള്‍ നല്ലതാണ്, പക്ഷേ അത് സര്‍ക്കാര്‍ ചെലവിലാകരുത്. പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കായി പി.ആര്‍ ജോലികള്‍ ചെയ്യാന്‍ അല്ല താല്‍ക്കാലിക ജീവനക്കാരെ കലക്ടറേറ്റ് കേന്ദ്രീകരിച്ച് നിയമിച്ചിരിക്കുന്നത്. അഥവാ ജില്ലാ കലക്ടര്‍ അറിയാതെയാണ് ഇവര്‍ ഇത് ചെയ്യുന്നത് എങ്കില്‍ അദ്ദേഹം ഇടപെട്ട് തിരുത്തണം. 14 ജില്ലകളിലും കലക്ടര്‍മാരുണ്ട്. അവര്‍ ആരും സെല്‍ഫ് പ്രമോഷനിലല്ല, കടമകള്‍ നിര്‍വഹിക്കുന്നത്. ;േകാവിഡ് പ്രതിരോധത്തിലെ നല്ല മാതൃകയ്ക്ക് ചീഫ് സെക്രട്ടറി പ്രശംസിച്ച എറണാകുളം ജില്ലാ കലക്ടറെ അതമാനുഷിക കഥാപാത്രമാക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല. പമ്പയുടെ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചത് കേന്ദ്രജലകമ്മിഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശ പ്രകാരമാണ്. അതെല്ലാം എട്ടുകാലി മമ്മൂഞ്ഞിന്റെ അക്കൗണ്ടിലാക്കാന്‍ സര്‍ക്കാര്‍ പണം ചെലവാക്കി സേവനം ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്.

2018 ലെ മഹാപ്രളയം നേരിടേണ്ടി വന്നവരാണ് നാം. അന്ന് ഇന്നത്തെ ഹീറോകള്‍ പ്രതിസ്ഥാനത്ത് ആയിരുന്നുവെന്ന് നാം മറക്കരുത്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വയം കല്‍പ്പിത ബ്രോയ്ക്കായി വരുന്ന പോസ്റ്റുകള്‍ നോക്കിയപ്പോള്‍ എല്ലാം ഒരു കേന്ദ്രത്തില്‍ ഉടലെടുത്ത് കോവിഡ് പ്രതിരോധത്തിനായി ഉദയം ചെയ്ത ഗ്രൂപ്പുകളില്‍ നിന്നാണെന്ന് മനസിലാക്കാന്‍ സാധിച്ചു. കലക്ടര്‍ ചെയ്യുന്നത് അമദ്ദഹത്തിന്റെ ജോലിയാണ്. അത് ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനാണ്. അതിനുള്ള ശമ്പളം ലഭിക്കുന്നുണ്ട്. ഒരു കൂലിയും പ്രതീക്ഷിക്കാതെ സ്വന്തം ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, യുവജന സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരില്ലേ…അവര്‍ക്കു വേണ്ടിയുള്ള വീഡിയോകള്‍ കാണുന്നില്ല..

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …