എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ‘കണ്ടം’ വഴി ഓടിച്ചു

16 second read

കൊച്ചി: എസ്എന്‍ ട്രസ്റ്റ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹര്‍ജിയുമായി എത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി ‘കണ്ടം’ വഴി ഓടിച്ചു. ഇനി ഇത്തരം ഹര്‍ജിയുമായി വന്നാല്‍ പിഴ ചുമത്തുമെന്ന് കോടതി അറിയിച്ചതോടെ വെള്ളാപ്പള്ളിയുടെ അഭിഭാഷകന്‍ ഹര്‍ജിയും പിന്‍വലിക്കുകയായിരുന്നു. ഹര്‍ജിയിലെ ദുരുദ്ദേശ്യം തിരിച്ചറിഞ്ഞ കോടതി അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

വെള്ളാപ്പള്ളിയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കരുതി കേസിലെ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന ക്രൈംബ്രാഞ്ചിനും സംസ്ഥാന സര്‍ക്കാരിനുമുള്ള പണി പിന്നാലെ വരുന്നുണ്ട്. പല തവണ മാറ്റി വച്ച കുറ്റപത്ര സമര്‍പ്പണത്തിനുള്ള അവസാന തീയതി ഇന്നായിരുന്നു കോടതി അനുവദിച്ചിരുന്നത്. എന്നാല്‍, ഇന്ന് ഇത് നല്‍കാനുള്ള യാതൊരു നിര്‍ദേശവും ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ആയ ടോമിന്‍ ജെ. തച്ചങ്കരിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഷാജി സുഗുണന് ലഭിച്ചില്ല. ഇതു കാരണം കുറ്റപത്രം സമര്‍പ്പിച്ചിട്ടുമില്ല. വെള്ളാപ്പള്ളിയുടെ ഇന്നത്തെ ഹര്‍ജി ഉറപ്പായും അനുവദിക്കുമെന്ന് തന്നെയാണ് ടോമിന്‍ തച്ചങ്കരി കരുതിയിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് ഒഴിവാക്കിയത്.

പിണറായിയെയും തച്ചങ്കരിയെയും പരിവാരത്തെയും വെറുതേ വിടാന്‍ ഈ കേസിലെ പരാതിക്കാരനായ സുരേന്ദ്രബാബു ഒരുക്കമല്ല. അതു കൊണ്ടാണ് വ്യാഴാഴ്ച തന്നെ കോടതിയലക്ഷ്യ ഹര്‍ജി കൊടുക്കുന്നത്. വെള്ളിയാഴ്ച കോടതി ഇത് പരിഗണിച്ചേക്കും. ഈ കേസില്‍ കുടുങ്ങുമെന്ന കാര്യം വെള്ളാപ്പള്ളിക്ക് ഉറപ്പാണ്. അതു കൊണ്ടാണ് 2004 ല്‍ കൊടുത്ത കേസ് ഇത്രയും നാള്‍ ഇഴഞ്ഞത്. ഇതിന് പിന്നാലെ ഡി. രാജ്കുമാര്‍ ഉണ്ണിയും സുരേന്ദ്രബാബുവും നിഴല്‍ പോലെ നിന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചിട്ട് പോലും അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അട്ടിമറിയില്‍ പിണറായിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് ഇതോടെ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. ഇതേ അട്ടിമറി തന്നെയാണ് മഹേശന്റെ ആത്മഹത്യയിലും മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. തട്ടിപ്പ് കേസ് വെള്ളാപ്പളളിയുടെ തലയില്‍ നിന്ന് ഊരിക്കൊടുക്കുക എന്ന ദൗത്യമാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് മഹേശനിലേക്ക് മാത്രമാക്കി അന്വേഷണം ചുരുക്കിയതും പീഡന പരമ്പര ക്രൈംബ്രാഞ്ച് നടത്തിയതും. തന്റെ ജീവത്യാഗം കൊണ്ട് എങ്കിലും വെള്ളാപ്പള്ളിയുടെ തട്ടിപ്പ് നാട് അറിയുമെന്ന് മഹേശന്‍ കരുതി. എന്നാല്‍, ആ കേസും ചുവടോടെ അട്ടിമറിക്കുകയാണ് പിണറായിയും തച്ചങ്കരിയും ചേര്‍ന്ന് ചെയ്തത്.

ആത്മഹത്യാപ്രേരണയ്ക്ക് വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍, ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍, എഎസ്ഐ എന്നിവരെ അറസ്റ്റ് ചെയ്യേണ്ട സമയം കഴിഞ്ഞു. പ്രതിപ്പട്ടികയില്‍ തച്ചങ്കരി അടക്കം വരേണ്ടിയിരുന്നു. ഒന്നും നടന്നില്ല. ഇനിയൊട്ടു നടക്കാനും പോകുന്നില്ല. നീതി തേടി മഹേശന്റെ കുടുംബം കോടതിയെ സമീപിച്ചു. കോടതി മേല്‍നോട്ടം വഹിച്ച കേസിന്റെ ഗതി ദാ ഇപ്പോള്‍ കണ്ടില്ലേ? രാജ്യത്തെ നിയമസംവിധാനം പോലും ഒരു സമുദായ നേതാവിന് വേണ്ടി അട്ടിമറിച്ച് വിടുപണി ചെയ്യാന്‍ കാത്തു നില്‍ക്കുകയാണ് നിയമപാലക സംഘം. മേല്‍നോട്ടം വഹിച്ച കോടതിയെ വരെ കബളിപ്പിക്കാന്‍ ശ്രമം നടക്കുന്നിടത്ത് എങ്ങനെ നീതി കിട്ടുമെന്നാണ് മഹേശന്റെ കുടുംബം ചോദിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …