വിമാനത്താവളംവഴി കടത്തിയ സ്വര്‍ണം 12 തവണ യു.എ.ഇ. കോണ്‍സുലേറ്റിലെത്തിച്ചെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍

16 second read

കൊച്ചി: തിരുവനന്തപുരം വിമാനത്താവളംവഴി കടത്തിയ സ്വര്‍ണം 12 തവണ യു.എ.ഇ. കോണ്‍സുലേറ്റിലെത്തിച്ചെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. സ്വപ്നയും സരിത്തും കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന സമയത്തും അതിനുശേഷവും കോണ്‍സുലേറ്റ് പരിസരം കള്ളക്കടത്ത് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നെന്നാണ് ചോദ്യംചെയ്യലിനിടെ വ്യക്തമായത്. ഇതോടെ കേസിന് പുതിയ മാനം കൈവരികയാണ്.

യു.എ.ഇ.യുടെ വ്യാജമുദ്രയും നയതന്ത്ര ബാഗേജിനുള്ള വ്യാജ സ്റ്റിക്കറും പ്രതികള്‍ ഉണ്ടാക്കിയെന്നാണു പറഞ്ഞിരുന്നത്. വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം സരിത്തോ സ്വപ്നയോ സന്ദീപ് നായരുടെ വര്‍ക്ഷോപ്പില്‍ എത്തിച്ചാണ് ഇടപാട് നടത്തിയിരുന്നതെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇതിനിടെയാണ് 12 തവണ സ്വര്‍ണം കോണ്‍സുലേറ്റിലെത്തിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍. ഇതോടെ കള്ളക്കടത്ത് ഉന്നതര്‍ അറിഞ്ഞിരുന്നോ എന്ന സംശയം ബലപ്പെടുകയാണ്.

വിമാനത്താവളത്തില്‍നിന്ന് കോണ്‍സുലേറ്റ് മുദ്രയുള്ള വാഹനത്തില്‍ മാത്രമേ നയതന്ത്ര ബാഗ് കൊണ്ടുപോകാന്‍ അനുവദിക്കൂ. ഈ വാഹനം കോണ്‍സുലേറ്റ് പരിസരത്ത് എത്തിച്ചാണ് 12 തവണ ബാഗ് ഇടപാടുകാര്‍ക്ക് കൈമാറിയത്. ഒരുതവണ കരമനയിലെ ജിംനേഷ്യത്തില്‍വെച്ചും സ്വര്‍ണം കൈമാറിയതായി വിവരം ലഭിച്ചു.

കെ.എസ്.ആര്‍.ടി.സി. ബസുകളുടെ എന്‍ജിന്‍ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ഷോപ്പിനു നല്‍കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വാഗ്ദാനം നല്‍കിയിരുന്നതായും സൂചനയുണ്ട്.

സ്വപ്നയാണ് സന്ദീപ് നായരെ പരിചയപ്പെടുത്തിയതെന്ന് ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോടു പറഞ്ഞതായാണു വിവരം. ഈ പരിചയം കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട കരാര്‍ വാഗ്ദാനം ചെയ്യുന്നതിലേക്കെത്തിയെന്നത് ഇവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ ആഴമാണു കാണിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.സ്വര്‍ണക്കടത്ത് കേസ് വന്നതുമുതല്‍ സന്ദീപ് നായരുടെ വര്‍ക്ഷോപ്പിനെച്ചൊല്ലിയും ഇവിടെ വന്ന രാഷ്ട്രീയക്കാരുള്‍പ്പടെയുള്ളവരെപ്പറ്റിയും വിവാദങ്ങളുണ്ട്.

കാര്യമായ ജോലികളൊന്നും ഈ വര്‍ക്ഷോപ്പില്‍ നടക്കാറില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിന് കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട ഒരു കരാര്‍ വാഗ്ദാനത്തിലും അവിശ്വസനീയതയുണ്ട്. സന്ദീപില്‍നിന്നും സരിത്തില്‍നിന്നും പല നിര്‍ണായക വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …