ഉത്ര കൊലക്കേസിലെ പ്രതി സൂരജ് തെളിവെടുപ്പിനിടെ നടത്തിയ പരസ്യ കുറ്റസമ്മതം ഞെട്ടിക്കുന്നത്

16 second read

അടൂര്‍: ഉത്ര കൊലക്കേസിലെ പ്രതി സൂരജ്  തെളിവെടുപ്പിനിടെ നടത്തിയ പരസ്യ കുറ്റസമ്മതം ഞെട്ടിക്കുന്നത്. പാമ്പിനെ കൈകാര്യം ചെയ്യാന്‍ വീട്ടിലുള്ള മറ്റുള്ളവര്‍ക്കും പരിശീലനം നല്‍കിയിരുന്നുവെന്നാണ് സൂരജ് തെളിവെടുപ്പിന് കൊണ്ടു വന്ന വനപാലകരോട് പറഞ്ഞത്. പാമ്പിനെ എടുക്കാനും പിടിക്കാനും വീട്ടിലുള്ളവര്‍ക്ക് പരിശീലനം കൊടുത്തിരുന്നു. അണലിയുമായി വന്ന പാമ്പു പിടുത്തക്കാരന്‍ സുരേഷാണ് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പാമ്പ് പ്രദര്‍ശനവും പിടിക്കാനുള്ള പരിശീലനവും ബോധവല്‍ക്കരണ ക്ലാസും നല്‍കിയത്. ഇതിനായി വിഷമില്ലാത്ത പാമ്പിനെയാണ് കൊണ്ടു വന്നത്.
ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറക്കോട്ടെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തപ്പോഴാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. രണ്ടാം തവണയാണ് വനംവകുപ്പ് സൂരജിനെ ഇവിടെ എത്തിച്ച് തെളിവെടുക്കുന്നത്.

സൂരജ് തന്നെയാണോ ഇത് ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തത് എന്നായിരുന്നു സൂരജ് പറഞ്ഞത്. നേരത്തെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ സൂരജാണ് ഇന്ന് നേരെ തിരിച്ചു പറഞ്ഞത്. രാവിലെ 11.15 നാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്റെ നേതൃത്വത്തില്‍ സൂരജിനെയും കൂട്ടുപ്രതി സുരേഷിനേയും പറക്കോട്ടെ വീട്ടില്‍ എത്തിച്ചത്.

ഫെബ്രുവരി 25 നാണ് സുരേഷ് അണലിലെയും മറ്റൊരു വിഷമില്ലാത്ത പാമ്പിനെയും കൊണ്ട് സൂരജിന്റെ വീട്ടില്‍ എത്തിയത്. അണലിയെ വീടിന് പുറത്തുള്ള ഇടവഴിയി വച്ച് കൈമാറി. സൂരജ് അതിനെ വിറകു പുരയില്‍ ഒളിപ്പിച്ചു. അതിന് ശേഷമാണ് വിഷമില്ലാത്ത പാമ്പിനെയും കൊണ്ട് കുടുംബാംഗങ്ങള്‍ക്ക് സുരേഷ് ക്ലാസ് എടുത്തത്. പാമ്പിനെ തൊടാനും എടുക്കാനുമുള്ള കുടുംബാംഗങ്ങളുടെ പേടി മാറ്റുകയായിരുന്നു ലക്ഷ്യം.

ആ പാമ്പിനെ സുരേഷ് മടങ്ങിപ്പോകുന്ന സമയത്ത് വഴിയില്‍ ഉപേക്ഷിച്ചു. രണ്ട് കൃത്യങ്ങള്‍ക്ക് അണലിയെ ഉപയോഗിച്ച തായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ആദ്യം വീടിനുള്ളില്‍ സ്റ്റെയര്‍ കെയ്സില്‍ കൊണ്ടിട്ടു. ഉത്രയെ കടിക്കണം എന്നതായിരുന്നു ഉദ്ദേശ്യം. പാമ്പിനെ കണ്ട് ഉത്ര നിലവിളിച്ചതോടെ ആ പണി പാളി. പിന്നീട് ഇതേ പാമ്പിനെ കൊണ്ടു തന്നെ ഉത്രയെ കടിപ്പിച്ചു. മരണ വക്ത്രത്തില്‍ നിന്ന് പെണ്‍കുട്ടി തിരിച്ചെത്തുകയും ചെയ്തു. പാമ്പിനെ രണ്ട് തവണയും ഉപയോഗിച്ചത് കൊലപാതകത്തിനാണെന്ന് സൂരജ് മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതില്‍ കുടുംബാംഗങ്ങള്‍ക്ക് പങ്കില്ലെന്നാണ് സൂരജ് പറഞ്ഞത്. വനം ഉദ്യോഗസ്ഥര്‍ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. വീട്ടില്‍ മറ്റാര്‍ക്കെങ്കിലും ഇതുമായി ബന്ധം ഉണ്ടോയെന്ന് വനം വകുപ്പ് പരിശോധിക്കും.

ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ട് വരെയും ഏപ്രില്‍ 25 മുതല്‍ മെയ് ആറ് വരെയും സൂരജിന്റെ വീട്ടില്‍ പാമ്പിനെ സൂക്ഷിച്ചിരുന്നു. ഇക്കാര്യം വീട്ടിലുള്ള മറ്റാര്‍ക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് കുറ്റപത്രം നല്‍കിയാല്‍ അടുത്ത ദിവസം തന്നെ വനം വകുപ്പും കുറ്റപത്രം സമര്‍പ്പിക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …