കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി, മുഖ്യമന്ത്രി പെട്ടു. ഏറിയാല്‍ ഒരു സിബിഐ, അതിന് അപ്പുറം പോകില്ലെന്ന് കരുതിയിരുന്ന പിണറായിയെ ഞെട്ടിച്ചു കൊണ്ട് കേന്ദ്രത്തിന്റെ ഉത്തരവ് എത്തി. കേസ് എന്‍.ഐ.എ അന്വേഷിക്കും. കേസ് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് അനുമതി നല്കി. രാജ്യസുരക്ഷക്ക് സ്വര്‍ണക്കടത്ത് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി.
അതേസമയം, കേസില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ കേരള പൊലീസിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കണ്ടെത്താനാണ് പൊലീസ് സഹായം തേടിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒളിവിലുള്ള ഇരുവരേയും കണ്ടെത്താന്‍ നിലവില്‍ കേസ് അന്വേഷിക്കുന്ന കസ്റ്റംസിന് സാധിച്ചിട്ടില്ല