ക്വാറന്റീന്‍ : സന്നദ്ധപ്രവര്‍ത്തനത്തിനു പോലും ആളെ കിട്ടാനില്ല. ആവേശമെല്ലാം ചോര്‍ന്നപോലെ..

17 second read

തിരുവനന്തപുരം: ”പ്രഖ്യാപിത നിലപാടില്‍ നിന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ല. ഈ നിമിഷംവരെ കേരളസര്‍ക്കാര്‍ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല. ഒരാളുടെ വരവും തടഞ്ഞിട്ടില്ല. വിദേശത്തുനിന്നുള്ള മലയാളികളെ കൊണ്ടുവരുന്നതിലുള്ള നിലപാടില്‍ ഒരുമാറ്റവും വന്നിട്ടില്ല”- മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു. എന്നാല്‍, പ്രവാസികള്‍ വന്നുതുടങ്ങിയ ശേഷം അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയോ? ഇതില്‍ പാളിച്ച ഉണ്ടായോ?

പ്രവാസികളുടെ വരവ് സ്വാഗതംചെയ്തത് വലിയ ആവേശത്തോടെ. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ഏഴുദിവസം വീടുകളിലുമായിരുന്നു നിരീക്ഷണം. വിമാനത്താവളങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ബസില്‍ യാത്ര. ഇവരും സ്വന്തം വാഹനത്തില്‍ പോകുന്നവരും വഴിയില്‍ ഇറങ്ങുന്നുണ്ടോയെന്നു നോക്കാന്‍ പോലീസ്. നേരിയ പനിയുള്ളവരെപ്പോലും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രികളിലാക്കി പരിശോധിപ്പിച്ച് സംശയമുള്ളവരുടെ സാംപിള്‍ പരിശോധിച്ച് ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് വിട്ടു.

ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ സമൂഹ അടുക്കളകളില്‍ നിന്ന് സൗജന്യ ഭക്ഷണം. വസ്ത്രവും കിടക്കവിരിയും എണ്ണയും സോപ്പും ബക്കറ്റും മഗ്ഗും ടവലുമൊക്കെ തദ്ദേശ സ്ഥാപനങ്ങള്‍ സഘടിപ്പിച്ചു. സഹായിക്കാനും നിരീക്ഷിക്കാനും സംസ്ഥാനമാകെ നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ മുങ്ങുന്നോ എന്നറിയാന്‍ പോലീസ് പട്രോളിങ്. അയല്‍വാസിയോടുള്ള സൗഹൃദം നോക്കാതെ ഇവരെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിരന്തര അഭ്യര്‍ഥന. വാരിക്കോരി സൗകര്യങ്ങള്‍. ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തനത്തിനുപോലും ആളെ കിട്ടാനില്ല. ആവേശമെല്ലാം ചോര്‍ന്നപോലെ.

മടങ്ങിവരുന്നവരുടെ എണ്ണം പെരുകിയതോടെ ക്രമേണ എല്ലാം താളംതെറ്റി. വിവാദങ്ങള്‍ കാര്യമാക്കാതെ, രോഗമോ രോഗലക്ഷണമോ ഇല്ലാത്തവരെല്ലാം വീട്ടില്‍ നിരീക്ഷണത്തിലാകട്ടെ എന്നായി സര്‍ക്കാര്‍. രോഗമുള്ളവര്‍ കോവിഡ് കേന്ദ്രങ്ങളിലേക്കും. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് പെയ്ഡ് സംവിധാനം. ഇതിന് കടുത്ത ചട്ടങ്ങള്‍. വീട്ടില്‍ കഴിയാനും പെയ്ഡ് ക്വാറന്റീന് സൗകര്യമില്ലാത്തവര്‍ക്കുമായി, ഇന്‍സ്റ്റിറ്റിയൂഷണല്‍ സംവിധാനം എന്ന സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളെല്ലാം ചുരുങ്ങി. അല്ലെങ്കില്‍ ഇല്ലാതായി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും ചുരുക്കം പേരേയുള്ളൂവെന്നും ഇവരെ ജില്ലാതലത്തില്‍ ഒറ്റ കേന്ദ്രങ്ങളിലാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിലപാട്. ഇതുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല. രോഗബാധിതര്‍ക്ക് ചികിത്സയ്ക്ക് കുറവില്ല.

ഒരേസമയം, രണ്ടരലക്ഷം പേരെ ക്വാറന്റീനിലാക്കാന്‍ കെട്ടിടങ്ങള്‍ തയ്യാറാക്കിയെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. കണക്കുകള്‍ എത്രത്തോളം ശരിയായിരുന്നെന്ന ചോദ്യം ഉയരുന്നു. ജോലി നഷ്ടപ്പെട്ടും വിസാകാലാവധി തീര്‍ന്നും നിരാശരായി എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ വാഹനം ഉള്‍പ്പടെയുള്ള സഹായത്തിന്റെ ഊഴത്തിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നു.

എം.എല്‍.എ.മാരടക്കമുള്ള ജനപ്രതിനിധികള്‍, പ്രവാസികളുടെ പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ചകളുണ്ടായില്ല. എല്ലാം ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമിരുന്നു തീരുമാനിച്ചു എന്നതാണ് പ്രധാന പോരായ്മയായി മുതിര്‍ന്ന ഉദ്യോഗസ്ഥരിപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തോന്നലുണ്ടാക്കി. പരിശോധന കുറവായിരുന്നപ്പോള്‍ എല്ലാം സുരക്ഷിതമായിരുന്നു. ഇന്നതല്ല അവസ്ഥ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…