ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്: 55 പേരും പുറമേ നിന്ന് വന്നവര്‍

16 second read

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്.55 പേരും പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 14, മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി ഒന്ന് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായതില്‍ 27 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വന്നത്. ഒരാള്‍ എയര്‍ ഇന്ത്യാ സ്റ്റാഫും ഒരാള്‍ ഹെല്‍ത്ത് വര്‍ക്കറുമാണ്.
മലപ്പുറം 7, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 708 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,39,661 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,38,397 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 1246 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68,979 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 65,273 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 13470 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13037 നെഗറ്റീവായിട്ടുണ്ട്. ആകെ 121 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 5 ഹോട്ട്സ്പോട്ട്.
ഇന്ന് 9 കേരളീയരാണ് വിദേശ രാജ്യങ്ങളില്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞത്. ഇതുവരെ 210 പേരാണ് മരണമടഞ്ഞത്. ഈ സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ മറ്റു വിവിധ സംസ്ഥാനങ്ങളിലും കേരളീയര്‍ മരണമടയുന്നു. ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയാണ്. അക്ഷരാര്‍ത്ഥത്തില്‍ ദുരിതകാലമാണ് നാം പിന്നിടുന്നത്. പ്രിയ സഹോദരങ്ങളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പുറത്തുനിന്ന് ആളുകള്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ നാം മുന്‍കൂട്ടി കണ്ടിരുന്നു. മെയ് നാലിനുശേഷം ഉണ്ടായ പുതിയ കേസുകളില്‍ 90 ശതമാനവും പുറത്തുനിന്ന് വന്നതാണ്. മെയ് 4നു മുമ്പ് അത് 67 ശതമാനമായിരുന്നു. മെയ് 29 മുതല്‍ ദിവസം ശരാശരി 3000 ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍ ആവശ്യങ്ങള്‍, കുടുംബാംഗങ്ങളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. ഇതിനായി അടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ദിവസവും കേരളത്തിലെത്തി ജോലി ചെയ്തു മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള താല്‍കാലിക പാസ് നല്‍കും. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പാസ് നല്‍കുന്നത്. മാസ്‌ക് ധരിക്കാത്ത 3075 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയ്ന്‍ ലംഘിച്ച 7 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…