യുവാവ് മരിച്ചത് കോവിഡ് മൂലമല്ലെന്ന് അറിഞ്ഞിട്ടും മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചു

16 second read

ഇടുക്കി: കോവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ മൃതദേഹം, പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും തൊണ്ട് കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്ന് വെളിപ്പെടുത്തല്‍. ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്പി ജില്ലാ കമ്മറ്റിയംഗവും പൊതുപ്രവര്‍ത്തകനുമായ അജോ കുറ്റിക്കന്‍ മുഖ്യമന്ത്രിക്കും ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ളവര്‍ക്കും പരാതി നല്‍കി. മൃതദേഹത്തെ അപമാനിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് പരാതി.

ഛര്‍ദിയും വയറിളക്കവും മൂലം ശാരീരിക അവശതയില്‍ ചികിത്സയിലായിരുന്ന വണ്ടന്‍മേട് കീഴ്മാലി അന്‍പഴകന്റെ മകന്‍ കുമാറി(23)ന്റെ മൃതദേഹമാണ് കത്തിച്ചത്. കഴിഞ്ഞ 27 കുഴഞ്ഞു വീണാണ് കുമാര്‍ മരിച്ചത്. കുമാറിന് കോവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചുവെന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. മൃതദേഹം ചിരട്ടകള്‍ അടുക്കി വച്ച് അതില്‍ കിടത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് അജോ കുറ്റിക്കന്‍ ഉന്നയിക്കുന്നത്. 29 ന് രാത്രി അടുത്ത ബന്ധുക്കളെപ്പോലും പങ്കെടുപ്പിക്കാതെ വണ്ടന്‍മേട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചില ജീവനക്കാര്‍ ചേര്‍ന്നാണ് മൃതദേഹം കത്തിച്ചത്.

കുമാറിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു ഈ ക്രൂരത. കോവിഡുമായി ബന്ധപ്പെട്ട് മാലി പ്രദേശത്തിന്റെ ചുമതല വഹിച്ചിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയുന്നില്ല. പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ചത് കേട്ടു കേള്‍വിയില്ലാത്ത നടപടിയാണ്. മൃതദേഹത്തോട് അനാദരവ് കാണിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണെന്നും കുറ്റിക്കന്‍ പരാതിയില്‍ പറയുന്നു.

കോവിഡുണ്ടെന്ന സംശയത്തിലാണ് മൃതദേഹം കത്തിച്ചതെന്ന് പറയുമ്പോഴും അത് വഹിച്ചു കൊണ്ട് പോയി സംസ്‌കരിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ ആരെയും തന്നെ ക്വാറന്റൈന്‍ ചെയ്യാത്തത് ദൂരൂഹതയുണര്‍ത്തുന്നു. ഈ ഉദ്യോഗസ്ഥര്‍ പൊതുജനവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നത് ഭീതിയും ആശങ്കയും പടര്‍ത്തുന്നു. മൃതദേഹം വഹിക്കുകയോ നേരിട്ട് സമ്പര്‍ക്കം ഉണ്ടാവുകയോ ചെയ്തിട്ടില്ലാത്ത കോവിഡിന്റെ ചുമതലയുള്ള ഡ്യൂട്ടി ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരെ മെഡിക്കല്‍ ഓഫീസര്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

കുമാര്‍ ന്യൂമോണിയ ബാധിച്ചു മരിച്ചുവെന്ന വിവരമാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നത്. ഹോട്ട് സ്പോട്ടായ വണ്ടന്‍മേട്ടില്‍ അതീവ ഗൗരവ സാഹചര്യം നിലനില്‍ക്കേ കോവിഡ് ചുമതലയുള്ള ഡോക്ടര്‍ ഒരാഴ്ചത്തെ അവധിയില്‍ കോട്ടയത്തെ വസതിയിലാണെന്നും അജോ കുറ്റിക്കന്‍ ആരോപിക്കുന്നു. രോഗിയുമായി ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ക്വാറന്റൈനിലിരിക്കേ പുറത്ത് ഇറങ്ങുകയും ആശുപത്രി ഓപി യില്‍ രോഗികള്‍ വരുന്നിടത്തും പുറ്റടി ജങ്ഷനിലും പ്രദേശത്തെ ചില വീടുകളിലും രോഗവ്യാപന ഭീഷണി പടര്‍ത്തി ചുറ്റിത്തിരിയുകയുമാണെന്ന് പരാതിയിലുണ്ട്. ഒരു മാസത്തിനിടെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ക്വാറന്റൈന്‍ ചെയ്യുന്നതിലടക്കം അന്ന് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറും ഡോക്ടര്‍മാരും അപകടകരമായ വീഴ്ച വരുത്തിയിരുന്നു. ഇതു സംബന്ധിച്ചും അജോ മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…