റോം: 2006 ലോകകപ്പ് ഫൈനലിനിടെ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം സിനദിന്‍ സിദാന് ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയ സംഭവം ഫുട്ബോളിലെ വേദനിപ്പിക്കുന്ന കാഴ്ച്ചകളിലൊന്നാണ്. മറ്റരാസി മോശം പരാമര്‍ശം നടത്തിയതോടെ സിദാന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സിദാന് ചുവപ്പ് കാര്‍ഡ് കിട്ടി, ഫ്രാന്‍സിന് ലോകകപ്പും നഷ്ടപ്പെട്ടു. അന്നു തലകുനിച്ച് ഗ്രൗണ്ടില്‍ നിന്ന് മടങ്ങുന്ന സിദാന്റെ ചിത്രം ആരുടേയും മനസ്സില്‍ നിന്ന് മായില്ല.
ഈ ഫൈനലിന് ശേഷം സിദാനോട് മറ്റരാസി എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക എന്നതായിരുന്നു ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. മറ്റാരസിയുടെ ചുണ്ടനക്കം വായിച്ചെടുക്കാനായിരുന്നു പിന്നീട് ആളുകളുടെ തിക്കും തിരക്കും. ഒടുവില്‍ മറ്റരാസി തന്നെ ആ രഹസ്യം വെളിപ്പെടുത്തി. സിദാന്റെ സഹോദരിയെ അധിക്ഷേപിക്കുകയായിരുന്നു താന്‍ ചെയ്തതെന്ന് ഇറ്റാലിയന്‍ താരം വ്യക്തമാക്കി.
‘സഹതാരമായ ഗട്ടൂസോയില് നിന്ന് ഇനിയും ചീത്ത കേള്‍ക്കാന്‍ വയ്യായിരുന്നു. അതുകൊണ്ടാണ് സിദാന്റെ ജേഴ്സിയില്‍ പിടിച്ചുവലിച്ചത്. അതോടെ അദ്ദേഹം പ്രതികരിച്ചു. നിനക്ക് എന്റെ ജേഴ്സി വേണോ എന്ന് അദ്ദേഹം ചോദിച്ചു. നിങ്ങളുടേതല്ല, നിങ്ങളുടെ സഹോദരിയുടേതാണ് വേണ്ടതെന്ന് ഞാന്‍ മറുപടി നല്കി. ഇതോടെ സിദാന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നെ തലകൊണ്ട് ഇടിച്ചുവീഴ്ത്തി.’ ഇറ്റാലിയന്‍ മാധ്യമമായ പാഷനെഇന്ററിന് നല്കിയ അഭിമുഖത്തില്‍ മറ്റരാസി പറയുന്നു.