കോവിഡിനെക്കാള്‍ ഭയന്നൊരു രോഗം കേരളത്തിലുണ്ടായിരുന്നു

19 second read

കോവിഡിനെക്കാള്‍ ഭയന്നൊരു രോഗം കേരളത്തിലുണ്ടായിരുന്നു-വസൂരി. രോഗം വന്നാല്‍ രോഗിയെ പായയില്‍ കെട്ടി മരിക്കാന്‍ ഒഴിഞ്ഞ പറമ്പുകളില്‍ ഉപേക്ഷിക്കുന്നതു മാത്രമായിരുന്നു അന്നു ചെയ്യാനുണ്ടായിരുന്നത്. തനിക്കു 4 വയസ്സുണ്ടായിരുന്നപ്പോള്‍ അമ്മ വസൂരിക്കു കീഴടങ്ങിയതിന്റെ ദുരിതക്കാഴ്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്.

‘അതൊരു മഴക്കാലമായിരുന്നു. ചുറ്റും വെള്ളം നിറഞ്ഞു ദ്വീപുപോലെ കിടക്കുന്ന തുരുത്തിലെ വീട്ടിലേക്കു പോകാന്‍ മരപ്പാലം കടക്കണം. മുന്‍വശത്തു വലിയൊരു തോടാണ്. തോട്ടിന്‍കരയിലൂടെ ജ്യേഷ്ഠന്റെ വിരല്‍ത്തുമ്പും പിടിച്ചു നടന്നെത്തിയ നാലര വയസ്സുകാരന്‍ മരപ്പാലത്തിനരികെ നിന്നുകൊണ്ട് അമ്മയെ വിളിച്ചു. കൊച്ചുവീടിന്റെ ജനലിലൂടെ അമ്മ പുറത്തേക്കു നോക്കി പറഞ്ഞു, വൈകാതെ വരാമെന്നും എടുത്തോമനിക്കാമെന്നും.

പാലത്തിനപ്പുറത്തുള്ള അമ്മയുടെ സ്നേഹത്തുരുത്തിലേക്കു പോകാന്‍ മനസ്സ് തുടിച്ചെങ്കിലും ആരും സമ്മതിച്ചില്ല. അമ്മ വരുന്നതും സ്വപ്നംകണ്ടു ഞാന്‍ മടങ്ങി. തിരിഞ്ഞുനോക്കുമ്പോഴും ജനാലയില്‍ അമ്മയുടെ മുഖം കാണാമായിരുന്നു. വീശിക്കൊണ്ടിരിക്കുന്ന കൈ കാണാമായിരുന്നു. വസൂരിവന്നു കിടന്ന അമ്മ മരിച്ചു. മൃതദേഹം ദൂരെ എവിടെയോ കൊണ്ടുപോയി മറവുചെയ്തു.’ വിഎസിന്റെ ഓര്‍മയിലെ അമ്മയുടെ അവശേഷിക്കുന്ന ചിത്രം വീശിക്കൊണ്ടിരിക്കുന്ന ഒരു കൈ മാത്രമാണെന്നും പറഞ്ഞിട്ടുണ്ട്.വിഎസിന്റെ അനുഭവത്തില്‍നിന്ന് കാലം കണക്കാക്കിയാല്‍, 1927 ല്‍ ആയിരിക്കും അമ്മ മരിച്ചത്.

വസൂരിക്കെതിരെ 1813ല്‍ റാണി ഗൗരിലക്ഷ്മി ഭായിയുടെ കാലത്ത് പ്രതിരോധ കുത്തിവയ്പ് തിരുവിതാംകൂറില്‍ ആരംഭിച്ചിരുന്നു. കുത്തിവയ്പിനോടുള്ള ജനങ്ങളുടെ ഭയം മാറ്റാന്‍ രാജകുടുംബാംഗങ്ങളാണ് ആദ്യം കുത്തിവയ്‌പെടുത്തത്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് വസൂരി നിയന്ത്രിച്ചത്. 1901-02ല്‍ 12,855 പേരും, 1910-12ല്‍ 10,000 പേരും 1934-35ല്‍ 1074 പേരുമാണ് തിരുവിതാംകൂറില്‍ വസൂരിമൂലം മരിച്ചത്. പില്‍ക്കാലത്ത് വസൂരി കേരളത്തില്‍ നിര്‍മാര്‍ജനം ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…